ന്യൂഡൽഹി: ഇന്ത്യ പ്രതിദിനം നാലരലക്ഷം പി.പി.ഇ കിറ്റുകൾ നിർമ്മിക്കുന്നതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തുടനീളമുള്ള 600 കമ്പനികളാണ് കിറ്റ്നിർമ്മാണത്തിൽ പങ്കാളിത്തം വഹിക്കുന്നത്. കൊവിഡിന്റെ തുടക്കത്തിൽ ഒരു കിറ്റ് പോലും ഇന്ത്യ നിർമ്മിച്ചിരുന്നില്ല. കൊവിഡ് റിപ്പോർട്ട് ചെയ്ത് രണ്ടു മാസത്തിനുള്ളിലാണ് കിറ്റ് നിർമ്മാണം തുടങ്ങിയത്. അതിനു മുമ്പ് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ഉപയോഗിച്ചിരുന്നത്.
മാസ്‌ക്, ഐ ഷീൽഡ്, ഷൂ കവർ, ഗൗൺ, ഗ്ലൗസ് എന്നിവയടങ്ങിയതാണ് പി.പി.ഇ കിറ്റ്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വേളയിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷിത കവചമാണിത്. കഴിഞ്ഞ മാസം ആദ്യം 2.22 കോടി കിറ്റാണ് ഇന്ത്യ ഓർഡർ ചെയ്തത്. അതിൽ 1.43 കോടി കിറ്റുകൾ ആഭ്യന്തര നിർമ്മാതാക്കൾ ഉത്പാദിപ്പിച്ചതായിരുന്നു. 80 ലക്ഷം പി.പി.ഇ കിറ്റുകൾ ഇറക്കുമതി ചെയ്തു. അലോക് ഇൻഡസ്ട്രീസ്, ജെ.സി.ടി പഗ്വാര, ഗോകൽദാസ് എക്സ്‌പോർട്സ്, ആദിത്യ ബിർല തുടങ്ങിയ കമ്പനികളാണ് ആഭ്യന്തര പി.പി.ഇ കിറ്റ് നിർമ്മാതാക്കൾ.