pic

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങളിൽ ശക്തമായ മഴയോടെ എത്തുമെന്ന് മുന്നറിയിപ്പ്. 155-165 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. സുന്ദർബൻസിൽ ഉച്ചയ്ക്കു ശേഷം എത്തുന്ന ഉംപുൻ വൈകിട്ടോടെ 185 കിലോമീറ്റർ വേഗതയിൽ എത്തുമെന്നാണ് സൂചന.

ഒഡീഷയിൽ പാരാദ്വീപിന് 120 കിലോമീറ്റർ കിഴക്ക്‌തെക്കായിട്ടാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. തീരത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തീരദേശ മേഖലയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുകയാണ്. ഒഡീഷയിൽ 1.37 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. കാറ്റ് കടന്നുപോകുന്ന മേഖലയിൽ മരങ്ങളും വൈദ്യുതി ടെലിഫോൺ പോസ്റ്റുകൾ വീടുകളുടെയും മറ്റും മുകളിൽ പതിച്ച് വലിയ നാശ നഷ്ടമുണ്ടാകുമെന്നാണ് സൂചന. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലയിലൂടെയുള്ള ശ്രമിക് ട്രെയിൻ സർവീസുകൾ നിറുത്തിവച്ചിരിക്കുകയാണ്.

ബംഗാളിൽ മിഡ്നാപ്പൂർ, സൗത്ത്, നോർത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കനത്ത നാശംവിതയ്ക്കുക. ഒഡീഷ്യയിൽ ജഗദീഷ്‌‌പുർ, കേന്ദ്രപാറ, ഭദർക, ബാലസോർ, ജയ്‌‌പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിലായിരിക്കും കൂടുതൽ നാശമുണ്ടാവുക. 1999ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിനു ശേഷം വരുന്ന ഏറ്റവും വലിയകാറ്റാണ് ഉംപുൻ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ് മൊഹാപത്ര അറിയിച്ചു.