ബെയ്‌ജിംഗ്: ചൈനയില്‍ രോഗലക്ഷണങ്ങളില്ലാത്ത 15 പേരുൾപ്പെടെ 16 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പകര്‍ന്ന നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജിലിന്‍ നഗരം അടച്ചിട്ടിരിക്കുകയാണ്.
ജിലിന്‍ പ്രവിശ്യയില്‍ ഇതുവരെ 133 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 106 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 25 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.
രോഗലക്ഷണങ്ങളില്ലാത്ത 368 പേർ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കേസുകള്‍ പ്രശ്നമുണ്ടാക്കുമെന്നും ഇവരില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച വരെ ചൈനിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 82,965 ആണ്. ഇതില്‍ 87 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. മൊത്തം 4,634 പേര്‍ ഈ രോഗം ബാധിച്ച് ചൈനയിൽ മരണമടഞ്ഞു.