qatar-airways

ദോഹ: കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ എയർവേയ്സ് വിമാനത്തിനുള്ളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിമാനത്തിനുള്ളിലായിരിക്കുമ്പോഴും ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണമെന്നാണ് നിർദേശം.

യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും ഇടയിലെ സമ്പർക്കം പരമാവധി കുറയ്ക്കണം. ബിസിനസ് ക്ലാസുകളിൽ ടേബിളിൽ വിളമ്പിയിരുന്ന രീതി ഒഴിവാക്കി ട്രേകളിലായിരിക്കും ഇനി മുതൽ ഭക്ഷണം നൽകുക. കത്തി, സ്പൂൺ മുതലായവ സുരക്ഷിതമായി റാപ്പ് ചെയ്യും. യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് ഇരുവിഭാഗത്തിെന്റെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ബിസിനസ് ക്ലാസുകളിലും ഇക്കണോമി ക്ലാസുകളിലും ഹാൻഡ് സാനിറ്റൈസറുകളും ഉണ്ടാകും. വിമാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തിയായിരിക്കും യാത്ര. ബിസിനസ് ക്ലാസുകളിലെ ക്യൂ സ്യൂട്ടുകൾ പൂർണമായും മറച്ച് ആവശ്യമെങ്കിൽ യാത്രക്കാരന് സമ്പർക്കം കുറയ്ക്കുന്നതിന് ഡു നോട്ട് ഡിസ്റ്റർബ് ഒപ്ഷനും തെരഞ്ഞെടുക്കാം.