chennithala

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവിയും ആരോഗ്യവും കണക്കിലെടുത്താണ് പ്രതിപക്ഷം എസ്.എസ്.എൽ.എസി പരീക്ഷകൾ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വലിയ തോതിലുള്ള ആശങ്കയുണ്ടായിരുന്നു.

രക്ഷകർത്താക്കളും ആരോഗ്യവിദഗ്ദ്ധരും അവരുടെ ആശങ്ക അറിയിച്ചിരുന്നു. എന്നിട്ടും പരീക്ഷ നടത്തിയെ മതിയാകൂവെന്ന പിടിവാശിയായിരുന്നു മുഖ്യമന്ത്രിക്കെന്നും അദ്ദേഹത്തിന് വൈകിയുണ്ടായ വിവേകത്തിന് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് ഇതിലൂടെ തെളിയിച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

സംസ്ഥാന സര്‍ക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങള്‍ പരീക്ഷകള്‍ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് പറഞ്ഞു. എന്നാല്‍ അന്നും തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.