തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചത് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിനെതുടർന്ന്. കേരള ചീഫ് സെക്രട്ടറിയെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസിൽ നിന്നും വിളിച്ച് പരീക്ഷ മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
കൊവിഡ് വ്യാപന സാദ്ധ്യത ശക്തവും ഗതാഗത സൗകര്യം പരിമിതവുമായ ഈ സമയത്ത് പരീക്ഷ നടത്താൻ എന്താണ് ധൃതിയെന്നും പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുതെന്ന ബോദ്ധ്യം വേണമെന്നും ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസ് കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചതായിട്ടാണ് അറിയുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനം എടുക്കേണ്ടെന്നും പരീക്ഷയക്കടക്കമുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. പരീക്ഷകൾ മാറ്റിയില്ലെങ്കിൽ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്ന അന്ത്യശാസനവും നൽകി. ഇതിനെതുടർന്നാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചതത്രേ.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള കാര്യമായാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അവതരിപ്പിച്ചത്. പരീക്ഷകൾ മാറ്റാതെ മറ്റു വഴിയില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷ മാറ്റുന്നതാകും ഉചിതമെന്നും ദൗർഭാഗ്യകരമായി എന്തെങ്കിലും സംഭവിച്ചാൽ വലിയ തിരിച്ചടിയാകുമെന്നും മറ്റു മന്ത്രിമാരും പറഞ്ഞു.അതോടെ പരീക്ഷ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷ മാറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.