കല്ലമ്പലം: മത്സ്യ - മാംസാദികൾക്ക് അമിതവില ഈടാക്കുന്നതായ പരാതിയിൽ നാവായിക്കുളം പഞ്ചായത്ത് അധികൃതർ പ്രദേശത്തെ വ്യാപാരികളുമായി ചർച്ച നടത്തി. അമിതവില ഈടാക്കി കൊവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വ്യാപാരി വ്യവസായികളോടും ഇറച്ചി വ്യാപാരികളോടും പച്ചക്കറി വ്യാപാരികളോടും പഞ്ചായത്ത് നിർദ്ദേശിച്ചു. എന്നാൽ വില സംബന്ധിച്ച് ധാരണയിലെത്താൻ കഴിഞ്ഞില്ല. ഇറച്ചിയുടെയും മറ്റ് ഉത്പന്നങ്ങളുടെയും വില നിർണയിക്കാൻ പഞ്ചായത്തിന് അധികാരമില്ലാത്തതിനാൽ പരാതികൾ ജില്ലാ ഭരണകൂടത്തിനും, ലീഗൽമെട്രോളജിക്കും കൈമാറി. എന്നാൽ പഞ്ചായത്ത് തീരുമാനങ്ങൾ അവഗണിച്ച് മാട്ടിറച്ചി 400 രൂപയ്ക്ക് വിൽക്കാൻ ഉത്തരവായെന്ന് ചിലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പഞ്ചായത്തധികൃതർ ഡി.ജി.പിക്ക് പരാതി നൽകി.