തിരുവനന്തപുരം: നാട്ടിൽ മാത്രം സെന്ററുള്ള ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതാനാവുമോയെന്ന ആശങ്കയിലാണ് പ്രവാസി മലയാളികളുടെ മക്കൾ. ജൂലായ് 26നാണ് പരീക്ഷ. വിദേശത്തു നിന്ന് പതിനായിരത്തിലേറെ അപേക്ഷകരുണ്ട്.
വന്ദേ ഭാരത് വഴി നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നവരുടെ മുൻഗണനാ പട്ടികയിൽ പരീക്ഷയ്ക്കുള്ള വിദ്യാർത്ഥികൾ ഇല്ലാത്തതാണ് പ്രശ്നം. അവിടെ കുടുങ്ങിപ്പോയവരെ മാത്രമാണ് ഇപ്പോഴെത്തിക്കുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാതെ പരീക്ഷയെഴുതാനുമാവില്ല. വിദേശത്ത് സെന്ററുകൾ അനുവദിച്ച് എംബസി മുഖേന പരീക്ഷ നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഗൾഫിൽ നിന്ന് 2700 പേരാണ് ആദ്യ ഘട്ടത്തിൽ നാട്ടിലെത്തിയത്. രണ്ടാംഘട്ടത്തിൽ 5100 പേർ കൂടിയെത്തും. 4.42ലക്ഷം ഇന്ത്യക്കാരാണ് മടക്കയാത്രയ്ക്ക് എംബസികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗൾഫിൽ നിന്ന് മാത്രം രണ്ടു ലക്ഷത്തോളം മലയാളികൾ അടിയന്തരമായി നാട്ടിലെത്താൻ കാത്തിരിക്കുന്നു.
രോഗികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, ജയിൽ മോചിതർ, ഗർഭിണികൾ, വൃദ്ധർ, വിസാകാലാവധി കഴിഞ്ഞവർ എന്നിങ്ങനെ മുൻഗണനാ വിഭാഗത്തിൽ 80,000 പേരുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്രയും പേരെ നാട്ടിലെത്തിക്കാൻ നാലുമാസമെടുക്കും. ഇതാണ് നീറ്റ് അപേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
ഗൾഫിൽ സെന്റർ വേണം
കേരളത്തിൽ പതിനൊന്ന് ജില്ലകളിലായി പന്ത്രണ്ട് സെന്ററാണ് നീറ്റിനുള്ളത്. വിദേശത്ത് ഗൾഫിൽ നിന്നാണ് ഒട്ടുമുക്കാലും കുട്ടികളെന്നതിനാൽ അവിടെ സെന്റർ അനുവദിച്ചാൽ ആശ്വാസമാവും. സെന്ററുകൾ അനുവദിച്ച് തുടങ്ങിയിട്ടില്ലാത്തതിനാൽ വെബ്സൈറ്റിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്താവുന്നതേയുള്ളൂ. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിദ്യാർത്ഥികളുടെ ഒരുവർഷം നഷ്ടമാവും.
16.84 ലക്ഷം
നീറ്റിന് ആകെ അപേക്ഷകർ
10,000
അപേക്ഷിച്ച വിദേശ മലയാളികൾ
നീറ്റ് വേണ്ടത്
സർക്കാർ, സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് നീറ്റ് യോഗ്യത നിർബന്ധം. എൻ.ആർ.ഐ ക്വോട്ടയ്ക്കും നീറ്റ് യോഗ്യത വേണം.
യാത്രാവിലക്കുള്ളതിനാൽ വിദ്യാർത്ഥികൾക്ക് നാട്ടിലെത്തി പരീക്ഷയെഴുതുക പ്രയാസം. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കണം.
- മുഖ്യമന്ത്രി പിണറായി വിജയൻ