വിതുര: ബോണക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുഃസഹമായിട്ട് കാലങ്ങൾ ഏറെയായി. ഇപ്പോൾ ലോക്ക് ഡൗൺ വന്ന് എല്ലാവരും വീട്ടിലായതോടെ ഇവരുടെ ജീവിതം കൂടുതൽ നരകതുല്യമായി. സ്വകാര്യവ്യക്തികൾ ബാങ്കുകളിൽ നിന്നും മറ്രും കോടികളുടെ ലോണെടുത്ത് ആരംഭിച്ച എസ്റ്റേറ്റിൽ പണിയെടുത്ത സാധാരണക്കാരായ ജനങ്ങൾ പിന്നീട് പട്ടിണിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നേരത്തെ അഞ്ഞൂറിൽപ്പരം കുടുംബങ്ങൾ ഉണ്ടായിരുന്ന ഇവിടെ 165 കുടുംബങ്ങൾ മാത്രമാണ് ഉള്ളത്. ബാങ്കിലെ കടം കൂടി ഉടമ എസ്റ്റേറ്റ് ഉപേക്ഷിച്ച മട്ടാണ്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം ചില തേയില തോട്ടങ്ങളിൽ ജോലി നടക്കുന്നുണ്ടെങ്കിലും മിക്കതും അടഞ്ഞുകിടക്കുകയാണ്. സർക്കാർ നൽകുന്ന സൗജന്യറേഷനും സംഘടനകൾ നൽകുന്ന ഭക്ഷ്യക്കിറ്രുമാണ് പലപ്പോഴും ഇവരുടെ ആശ്രയം.
പലരുടെയും ജോലി നഷ്ടപ്പെട്ട് സ്ഥിര വരുമാനം നിലച്ചതോടെ പശുവളർത്തലും വീട്ടുമുറ്റത്ത് കൃഷിചെയ്തും വരുമാനം കണ്ടെത്താൻ തുടങ്ങി. മറ്റുചിലർ പുറം നാടുകളിൽ ജോലി തേടിപ്പോയി. ലോക്ക് ഡൗൺ തുടങ്ങിയതോടെ പുറം നാടുകലിൽ നിന്നും ജോലിയില്ലാതെ അവർ തിരിച്ച് വീടുകളിൽ എത്തി. കന്നുകാലികളെ വളർത്തുന്നവർക്ക് തിരിച്ചടിയായി വന്യ മൃഗങ്ങൾ തോട്ടം മേഖലയിലേക്ക് കടന്നതും വെല്ലുവിളിയായി. തേയിലത്തൊട്ടങ്ങളിൽ മേയാൻ വിടുന്ന പശുക്കൾ പലപ്പോഴും വന്യമൃഗങ്ങളുടെ ഭക്ഷണമാകാറാണ് പതിവ്. തങ്ങളുടെ വീട്ടുമുറ്റത്ത് നട്ടുവളർത്തുന്ന വാഴയും മരച്ചീനിയും പച്ചക്കറികളും എല്ലാം കാട്ടാനയും കാട്ടുപന്നികളും പിഴുതെറിയും. ഇവിടെ വർഷങ്ങളായി താമസിക്കുന്നവരും ഇവിടെത്തന്നെ ജനിച്ചുവളർന്നവരുമാണ് തൊഴിലാളികളിൽ ഏറെയും. ഇതുകൊണ്ട് തന്നെ പട്ടിണിയാണെങ്കിലും എസ്റ്റേറ്റ് വിട്ടുപോകാൻ ആരും തയാറാകുന്നതുമില്ല. പൊന്മുടി എസ്റ്റേറ്റിൽ 48 കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. ഇവരുടെ അവസ്ഥയും വിഭിന്നമല്ല. ലോക്ക് ഡൗൺ പിൻവലിക്കുന്നതോട് കൂടി നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.