pic

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിൻ കാമ്പെയിനിന്റെ ഭാഗമായി ടൂൺസ് അനിമേഷൻ തയ്യാറാക്കിയ ഒരു മിനിട്ട് ദൈർഘ്യമുള്ള അനിമേറ്റഡ് വീഡിയോ ശ്രദ്ധേയമാകുന്നു. കൊവിഡിനെ തുരത്താൻ വ്യക്തിശുചിത്വവും സാമൂഹ്യ അകലവും പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വീഡിയോ വിരൽ ചൂണ്ടുന്നത്. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വീഡിയോയിൽ ലളിതമായി വിവരിക്കുന്നുണ്ട്.

ലോക്ക് ‌ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ ഇരുന്നാണ് വീഡിയോ തയ്യാറാക്കിയത്. ടൂൺസിലെ കാർട്ടൂണിസ്‌റ്റും ഇലസ്ട്രേറ്ററുമായ മഹേഷ് വെട്ടിയാറിന്റേതാണ് ആശയം. ഇൻന്ദ്രനാരായൺ ദത്ത,​ സൂര്യ തോമസ് എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടമാർ. ടൂൺസിന്റെ ഡെവല‌പ്മെന്റ് ടീമാണ് മികവോടെയുള്ള ദൃശ്യങ്ങൾക്ക് മുന്നൽ. ടൂൺസ് അക്കാഡമിയിലെ വിദ്യാർത്ഥികൾ ചേർന്നാണ് ചിത്രം അനിമേറ്റ് ചെയ്തൊരുക്കിയത്. ടൂൺസിലെ മുതിർന്ന അനിമേറ്റർമാർ ഇവർക്ക് പൂർണ പിന്തുണ നൽകി. അനിമേഷൻ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നിരിക്കുന്നത് ബിലാസ് നായർ ആണ്. ടോണി വിൽസണിന്റേതാണ് സംഗീതം.

ബ്രേക്ക് ദ ചെയിൻ കാമ്പെയിനിന്റെ ഭാഗമായി ഇത്തരമൊരു സംരംഭത്തിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്ന് ടൂൺസ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ പി.ജയകുമാർ പറഞ്ഞു. കൊവിഡ് പൊലൊരു മഹാമാരി പടരുമ്പോൾ എല്ലാവരും സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സമൂഹത്തിന് വേണ്ടി ഇത് ചെയ്യാനായതിൽ തങ്ങൾക്ക് ചാരിതാർത്ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.