കണ്ണൂർ: മാഹിയിൽ മദ്യ വിൽപ്പനയ്ക്ക് നിയന്ത്രണം. മാഹിയിൽ നിന്ന് കേരളത്തിലുള്ളവർക്ക് ഇനി മദ്യം വാങ്ങാനാകില്ല. മദ്യം ലഭിക്കാൻ മാഹിയിലെ വിലാസമുള്ള ആധാർ കാർഡ് നിർബന്ധമാക്കി. ഇനി മാഹി സ്വദേശികൾക്ക് മാത്രമെ മദ്യം ലഭിക്കുകയുള്ളൂ. പോണ്ടിച്ചേരി സർക്കാരാണ് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കിയയിരിക്കുന്നത്. മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം കിട്ടില്ല. കൊവിഡിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവിറക്കി.
മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്. ദിവസം 50 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ് മാഹിയിൽ നടക്കാറുള്ളത്. കേരളത്തിൽ നിന്ന് വരുന്നവരാണ് മുഖ്യ ഉപഭോക്താക്കൾ. ആധാർ നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് മുന്നിൽ മദ്യത്തിൻ്റെ വാതിൽ മാഹി അടച്ചു. ഇത് സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാന്ന് മാഹി സ്വദേശികൾ. ഒമ്പത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശമാണ് മാഹി.