pravasi-

കുവൈറ്റ്: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശമടങ്ങിയ കരട് രേഖ കുവൈറ്റ് പാർലമെന്റ് മാനവ വിഭവശേഷി കമ്മിറ്റി ചെയർമാൻ ഖലീൽ അൽ സാലെ പാർലമെന്റിൽ അവതരിപ്പിച്ചു.

വിദേശികൾക്ക് നികുതി ഏർപ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്നും വരുമാന സ്രോതസുകളുടെ വൈവിദ്ധ്യവത്കരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രവാസികൾ പ്രതിവർഷം 420 കോടിയിലധികം ദിനാറാണ് അവരവരുടെ നാടുകളിലേക്ക് അയക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിലധികം ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ലോകത്ത് പലയിടത്തും ഇത്തരം നികുതികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവിടെയൊന്നും പ്രവാസികൾ അതിനെ എതിർത്തിട്ടില്ലെന്നും കരട് രേഖയിൽ പറയുന്നു.

പണം രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുന്നത് അപകടകരമാണെന്നും സാമ്പത്തിക രംഗത്ത് നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കുമെന്നും അൽ സാലേ പറഞ്ഞു.

അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് പ്രവാസി സഹോദരങ്ങളെ ദ്രോഹിക്കുന്നതാവില്ല. അത് രാജ്യത്തിന് ഗുണമുണ്ടാവും. 420 കോടിയിലധികം ദിനാർ പ്രതിവർഷം പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ ഇത് നിർബന്ധമാണ്. 46 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റിൽ 33 ലക്ഷവും പ്രവാസികളാണെന്ന് കരടിൽ ചൂണ്ടിക്കാട്ടുന്നു..