election

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കമൽനാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കിയേക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഡി.ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

രാജിവച്ച എം.എല്‍.എമാര്‍ കരുത്തരായ സ്ഥാനാര്‍ഥികളാണ്. അവര്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏറെ ത്യാഗം സഹിച്ചവരാണെന്നും വി.ഡി.ശര്‍മ പറഞ്ഞു. മദ്ധ്യപ്രദേശിനെ അഴിമതിയില്‍ നിന്നും മോശം ഭരണത്തില്‍ നിന്നും രക്ഷിക്കാന്‍ മന്ത്രിസ്ഥാനവും എം.എല്‍.എ പദവിയും ഉപേക്ഷിച്ചവരാണവര്‍. സംസ്ഥാനത്തിനായി തങ്ങളേയും തങ്ങളുടെ പദവികളേയും ത്യജിച്ചവരാണ് അവരെന്ന് പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ട്‌ തന്നെ അവരെല്ലാവരും സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണനയിലാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതാണ്‌ 24 കോണ്‍ഗ്രസ് എം.എല്‍.എമാർ. ഇവര്‍ രാജിവച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താന്‍ നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് സംസ്ഥാനത്തെ ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പട്ടിക ഇന്ന് പുറത്തുവിട്ടിരുന്നു.