ലെൻസിംഗ്: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ ഫലമായി യു.എസ് സംസ്ഥാനമായ മിഷിഗണിൽ രണ്ട് ഡാമുകൾ തകർന്നു. 10,000 ത്തോളം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഈഡൻവില്ല്, സാൻഫോർഡ് ഡാമുകൾ തകർന്നതിനെ തുടർന്ന് റ്റിറ്റാബവസീ നദി കരയിലുള്ളവർക്ക് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകുകയായിരുന്നു.
മിഷിഗണിലെ മിഡ്‌ലാൻഡ് നഗരം, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളിൽ 9 അടിയോളം പൊക്കത്തിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. മിഡ്‌ലാൻഡിൽ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 40,000ത്തോളം പേർ താമസിക്കുന്ന പ്രദേശത്ത് ശക്തമായ വരുന്ന 24 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. യു.എസിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലം കൂടി ആയതിനാൽ ആളുകളെ കൂട്ടത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിൽ അധികൃതർ ഏറെ പണിപ്പെടുകയാണ്.
മിഡ്‌ലാൻഡ്, ഈഡൻവില്ല്, സാൻഫോർഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ ആളുകളെ ഒഴിപ്പിച്ചത്. റ്റിറ്റാബവസീ നദി 38 അടി ഉയരത്തിലെത്തി കരകവിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഈഡൻവില്ല് ഡാം 1924ലും സാൻഫോർഡ് ഡാം 1925ലുമാണ് നിർമിക്കപ്പെട്ടത്.
രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വെന്റിലേറ്ററുകൾ നിർമിക്കുന്ന ഫോർഡിന്റെ ഒരു പ്ലാന്റ് സന്ദർശിക്കാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ വ്യാഴാഴ്ച മിഷിഗൺ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ഇതേവരെ 50,000ത്തിലേറെ പേർക്കാണ് മിഷിഗൺ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്, 5,000 ത്തോളം പേർ ഇതേവരെ മരിച്ചതായാണ് കണക്ക്.