പട്‌ന: ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വഴിയാകുമെന്ന് സൂചന. സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പ്രദായികമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൂചന ശരിയായാല്‍ ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ബിഹാറായിരിക്കും.
ഓണ്‍ലൈനിലൂടെയുള്ള തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷൻ അനുമതി നൽകിയാൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലൂടെ നടത്തുമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ വോട്ടെടുപ്പിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നിലവിലുണ്ട്. ഇന്ത്യയിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അത്തരമൊരു സാദ്ധ്യതയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. നേതാക്കന്മാര്‍ നടത്തുന്ന വന്‍ പ്രചരണറാലികള്‍ക്ക് ബിഹാറില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഒന്നു രണ്ടു കൊല്ലത്തിനുള്ളില്‍ സാദ്ധ്യത കുറയും. സാമ്പ്രദായികരീതികള്‍ മാറുമെന്നും തിരഞ്ഞെടുപ്പ് പോലെയുള്ള മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.