കിളിമാനൂർ: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസ് സർവീസുകൾ പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഏഴു മുതൽ സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാർ പൊതുവേ കുറവായിരുന്നു. യാത്രക്കാർക്ക് ബസിന്റെ പിൻവാതിലിലൂടെ കയറി മുൻവശത്ത് കൂടി ഇറങ്ങാവുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നടത്തിയ സർവീസുകളിൽ സുരക്ഷിത അകലം പാലിക്കാൻ സീറ്റ് എണ്ണത്തിന്റെ പകുതി യാത്രക്കാരെ മാത്രമാണ് അനുവദിച്ചത്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം അൻപത് ശതമാനം ജീവനക്കാരാണ് ഡ്യൂട്ടിക്ക് ഹാജരായത്. 12 രൂപയാണ് മിനിമം ചാർജ്. ബൈറൂട്ടുകളിൽ നിന്ന് യാത്രക്കാർക്ക് എത്തിച്ചേരാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ എല്ലാ ബസുകളിലും തിരക്ക് വളരെ കുറവായിരുന്നു. തിരക്കുള്ള പാതകളിൽ കൂടുതൽ ബസ് സർവീസ് നടത്തുമെന്നും കൂടുതൽ യാത്രക്കാർ തള്ളിക്കയറിയാൽ ബസ് നിറുത്തിയിട്ട് പൊലീസിന്റെ സഹായം തേടാനും ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും അസി. ട്രാൻസ്പോർട്ട് ഓഫീസർ ബി.എസ്. ഷിജു പറഞ്ഞു. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ബൈപാസ് കിഴക്കേകോട്ട, തമ്പാനൂർ, മുതുവിള, മൂന്നാനക്കുഴി, കിളിമാനൂർ, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തിയത്.
പ്രധാന നിബന്ധനകൾ
ജീവനക്കാർക്കും യാത്രക്കാർക്കും മാസ്ക് നിർബന്ധം
ബസിൽ കയറുന്നതിന് മുൻപ് സാനിറ്റൈസർകൊണ്ട് കൈകൾ വൃത്തിയാക്കണം
സ്റ്റോപ്പിൽ ഒരാൾ ഇറങ്ങിയാൽ കയറാൻ എത്ര പേരുണ്ടെങ്കിലും ഒരാളെ മാത്രമേ കയറ്റൂ.