കൊൽക്കത്ത: ബംഗാൾ ഉൾക്കടലിലെ ഉംപുൻ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചു. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ കരതൊട്ട ചുഴലിക്കാറ്റ് അടുത്ത നാല് മണിക്കൂറിൽ പൂർണമായും കരയിലേക്ക് കയറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. കാറ്റിന് 185 കീമീ വേഗതയുണ്ടെന്നാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കടുത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. ദേശീയദുരന്തനിവാരണ സേനയുടെ വൻസംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.ബംഗാളിൽ മൂന്നു ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകൾ തകർന്നു.വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു. മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതവിതരണവും താറുമാറായ അവസ്ഥയിലാണ്.. ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി.
കൊൽക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഇരു സംസ്ഥാനങ്ങളിലുമായുണ്ട്. രക്ഷാ പ്രവർത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.
കരതൊട്ടശേഷം കാറ്റിന്റെ വേഗം കുറയുമെങ്കിലും കനത്ത മഴ തുടരും.കഴിഞ്ഞ ദിവസങ്ങളിൽ 265 കീമീ വേഗത്തിൽ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറിൽ ദുർബലമായി തുടങ്ങിയിട്ടുണ്ട്. അസം, മേഘാലയ ഉൾപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറൻ തീരത്ത് മഴ കുറയും.