ചിറയിൻകീഴ്: കൊവിഡ് മറ്റ് പല മേഖലകളെയും പോലെ മെഡിക്കൽ സ്റ്റോറുകളെയും വെറുതേ വിട്ടില്ല. അവശ്യ സർവീസായതിനാൽ ലോക്ക് ഡൗണിൽ മെഡിക്കൽ സ്റ്റോറുകൾ തുറക്കാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിലും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ നൂറുകണക്കിന് മെഡിക്കൽ സ്റ്റോറുകളുടെ കച്ചവടവും സാരമായി കുറഞ്ഞു. ലോക്ക് ഡൗണിന് മുമ്പുള്ള കച്ചവടം വച്ചു നോക്കുമ്പോൾ പകുതി കച്ചവടം പോലുമില്ലെന്നാണ് പല കച്ചവടക്കാരും പറയുന്നത്. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസുകൾ കുറച്ചതും ചെറിയ അസുഖങ്ങൾക്ക് പോലും ഡോക്ടറെ കാണുന്ന ശീലം മലയാളികൾ മാറ്റിയതും കച്ചവടത്തിന് ഇടിവായിട്ടുണ്ട്. ശരാശരി പ്രതിദിനം 25,000 രൂപ വരെ കച്ചവടമുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ഇപ്പോൾ പതിനായിരത്തിന് താഴെയാണ് കച്ചവടം. മൂന്ന് ജീവനക്കാർ വരെ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ സ്റ്റാഫുകളെ നിലനിറുത്താനുള്ള പെടാപ്പാടിലാണ് കടയുടമകൾ. പല സ്റ്റോറുടമകളും ജീവനക്കാരോട് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ എത്തിയാൽ മതിയെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. എന്നിരുന്നാലും കറണ്ട് ചാർജ്, കട വാടക എന്നിവയെല്ലാം കണക്കാക്കുമ്പോൾ കച്ചവടം കുറയുന്നത് മെഡിക്കൽ സ്റ്റോറുകളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചു. കൊവിഡ് കാലത്ത് രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന അവശ്യ സർവീസുകളിൽ മുൻനിരക്കാരാണ് മെഡിക്കൽ സ്റ്റോർ ജീവനക്കാർ. മരുന്നുകളെക്കുറിച്ചുള്ള രോഗികളുടെ സംശയങ്ങളും പലപ്പോഴും ഇവർക്ക് ദൂരീകരിക്കേണ്ടി വരുന്നു. സാമൂഹ്യ അകലം പാലിക്കുമ്പോഴും പലരും ആശങ്കയിലാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സർക്കാർ മതിയായ സംരക്ഷണം നൽകണമെന്ന ആവശ്യം ശക്തമാണ്.