pic

തിരുവനന്തപുരം: ശക്തമായ മഴയിൽ അണക്കെട്ടുകളിൽ വെള്ളം ഉയർന്നെങ്കിലും അതിനനുസരിച്ചുള്ള വൈദ്യുതി ഉത്പാദനം നടക്കുന്നില്ല. ഉത്പാദനം കൂട്ടിയില്ലെങ്കിൽ മഴയിൽ വെള്ളം പൊങ്ങുമ്പോൾ അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് പ്രതിദിനം ഉപയോഗിക്കുന്നത് 80 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ആഭ്യന്തര ഉത്പാദനമാകട്ടെ 23 ദശലക്ഷം യൂണിറ്റും. ബാക്കി 57 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നു വാങ്ങുകയാണ്. കേന്ദ്രപൂളിൽ നിന്നുള്ള വിഹിതം കുറവാണെന്ന് പറഞ്ഞാണ് കെ.എസ്.ഇ.ബി വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത്. അതും സ്വകാര്യ മേഖലയിൽ നിന്ന്. അമിത കമ്മിഷൻ സ്വകാര്യമേഖല വാഗ്ദാനം ചെയ്യുന്നുവെന്ന ആരോപണവുമുണ്ട്.

സ്വകാര്യമേഖലയുമായി കെ.എസ്.ഇ. ബി ഉണ്ടാക്കിയ കരാർ പ്രകാരം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുതി വാങ്ങണം. വാങ്ങാതിരുന്നാൽ പണം നഷ്ടമാകുന്നതിനൊപ്പം പിഴയുമുണ്ടാകും. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉത്പാദനം കുറച്ച് പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്ന രീതിയാണ് കെ.എസ്.ഇ.ബി നടത്തിവരുന്നത്.കൊവിഡായതിനാൽ വൈദ്യുതി ഉപയോഗത്തിൽ എട്ട് ദശലക്ഷം യൂണിറ്റ് കുറവു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ട് ഉത്പാദനം കൂട്ടുന്നതുമില്ല.

ഇടുക്കി ജലസംഭരണിയിൽ 50 ശതമാനത്തോളം ജലമുണ്ട്. 760 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഇടുക്കിയിൽ മൂന്നു ജനറേറ്റർ മാത്രമാണു പ്രവർത്തിക്കുന്നത്. ശേഷിക്കുന്ന മൂന്നു ജനറേറ്റർ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിറുത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 360 മെഗാവാട്ട് മാത്രം. വെള്ളം ഉണ്ടായിട്ടും വൈദ്യുതി ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയിൽ കെ.എസ്.ഇ.ബി എത്തിയിരിക്കുന്നതാണ് വിചിത്രം.