megaraptor

ബ്യൂണസ് ഐറീസ് : തെറോപോഡ് വിഭാഗത്തിൽപ്പെട്ട വലിയ ദിനോസറുകളായ മെഗാറപ്ടറിന്റെ പുതിയ ഫോസിൽ അർജന്റീനയുടെ തെക്ക് പാറ്റാഗോണിയയിൽ നിന്നും പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തി. വലിയ കൈകളോട് കൂടിയ മെഗാറപ്ടറുകൾ മാംസഭുക്കുകളായിരുന്നു. ഏകദേശം 35 സെന്റീമീറ്ററോളം നീളമുള്ള നഖങ്ങൾ ഇക്കൂട്ടർക്കൊണ്ടായിരുന്നു. ശക്തയേറിയ കാലുകളും നീണ്ട വാലുകളുമുള്ള മെഗാറപ്ടറുകൾ ടൈറനോസോറസ് റെക്സ് ദിനോസറുകളേക്കോൾ ആക്രമക്കാരികളായിരുന്നു. ചെറിയ ദിനോസറുകളെ വരെ ഇക്കൂട്ടർ അകത്താക്കിയിരുന്നു. വംശനാശം സംഭവിക്കുന്നതിന് മുമ്പുള്ള അവസാനത്തെ കണ്ണികളിൽ ഒന്നിന്റെ ഫോസിലാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ബ്യൂണസ് ഐറീസിലെ നാഷണൽ സയൻസസ് മ്യൂസിയത്തിലെ ഗവേഷകനായ ഫെർണാഡോ നോവാസിന്റെ നേതൃത്വത്തിലുള്ള സംഘം തെക്കൻ സാന്താക്രൂസ് പ്രവിശ്യയിൽ മാസങ്ങളായി നടത്തി വന്ന പര്യവേഷണങ്ങളിൽ നിരവധി ഫോസിലുകളാണ് കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ ഏറ്റവും വിലമതിക്കപ്പെട്ടത് മെഗാറപ്ടറുകളുടേതാണ്. മെഗാറപ്ടറുകളുടെ വാരിയെല്ലുകൾ, തോളെല്ല് തുടങ്ങിയ അസ്ഥികളാണ് ഗവേഷകർ കണ്ടെത്തിയത്. ഇതേവരെ കണ്ടെത്തിയിട്ടുള്ള മെഗാറപ്ടർ ഫോസിലുകളിൽ ഏറ്റവും വലുതാണിത്. 33 അടി നീളമുണ്ടായിരുന്ന ഭീമൻ മെഗാറപ്ടറിന്റെ ഫോസിലാണ് പാറ്റാഗോണിയയിൽ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഈ മെഗാറപ്ടർ ഭൂമിയിൽ ജീവിച്ചിരുന്നതെന്ന് കരുതുന്നു.