ന്യൂഡൽഹി: എസ്.എസ്.എൽ.എസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. വിവിധ സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി ഇതുസംബന്ധിച്ച് കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. പരീക്ഷകൾ നടത്താനുള്ള തീയതി സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാം. കർശന ഉപാധികളോടെയാണ് പരീക്ഷകൾ നടത്താനുള്ള അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കായി പ്രത്യേക ബസ് സർവീസ് നടത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാനാകില്ലയെന്ന് കേന്ദ്രം കർശന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. അദ്ധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണം. പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം. പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
വിവിധ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാതിയതികളില്‍ വ്യത്യാസമുണ്ടായിരിക്കും. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനങ്ങൾക്ക് പുറമെ സി.ബി.എസ്.ഇയും പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം പരീക്ഷകൾ മാറ്റിവച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് പത്രകുറിപ്പായി പുറത്തിറക്കിയിരുന്നു. കേന്ദ്ര മാനദണ്ഡം വന്ന ശേഷം പരീക്ഷകൾ നടത്തുമെന്നായിരുന്നു സംസ്ഥാനസർക്കാർ സ്വീകരിച്ച നിലപാട്. രാവിലത്തെ മന്ത്രിസഭായോഗത്തിലെ തീരുമാനത്തിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ഇപ്പോൾ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.മുഖ്യമന്ത്രി അഞ്ച് മണിയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച അറിയിപ്പുണ്ടാകും.