kaithari

കിളിമാനൂർ: കൊവിഡ് കാലത്തിന് മുൻപേ തന്നെ തളർച്ചയുടെ പാതയിലായിരുന്ന കൈത്തറി മേഖലയ്ക്ക് ലോക്ക് ഡൗൺ ഇരുട്ടടിയായി. നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയാനുണ്ടായിരുന്ന പരമ്പരാഗത നെയ്തു വ്യവസായത്തിന് ഈ പ്രതിസന്ധി അതിജീവിക്കണമെങ്കിൽ ഇനി സർക്കാരിന്റെ സഹായം കിട്ടിയാലേ പറ്റൂവെന്ന അവസ്ഥയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ടെക്സ്റ്റയിൽസുകളുടെ വർദ്ധിച്ച തോതിലുള്ള വരവും, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും ഈ മേഖലയെ പൂർണമായും തകർത്തെന്ന് കൈത്തറി തൊഴിലാളികൾ പറയുന്നു. നെയ്ത്തറിയാവുന്ന പലരും ഇന്ന് ഉപജീവനത്തിനായി മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് അവശേഷിക്കുന്ന പല നെയ്ത്തുശാലകളും സ്വകാര്യ വ്യക്തികളുടെയും ഖാദി ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വെള്ള കോടികൾ, കൈലികൾ, തോർത്ത് എന്നിവയാണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് നെയ്ത്തുതൊഴിലാളികളുടെയും, നെയ്തു വസ്ത്രങ്ങളുടെയും കേന്ദ്രമായിരുന്ന വാമനപുരം ആനച്ചൽ, കളമച്ചൽ പ്രദേശത്ത് ഇന്ന് മിക്കതും അപ്രത്യക്ഷമായിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഒരുപാട് പേരുടെ ജീവനോപാധിയായിരുന്ന പല നെയ്തു ശാലകളിലെയും തറികൾ ഇന്ന് നിശ്ചലമാണ്. ലോക്ക് ഡൗണിനെ തുടർന്ന് കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 750 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം തൊഴിലാളികളും അംഗങ്ങളല്ലാത്തതുകാരണം അത് ലഭിക്കാത്ത അവസ്ഥയാണ്. ആഴ്ചയിൽ ഒരിക്കൽ സർക്കാർ ജീവനക്കാർ ഖാദി വസ്ത്രം ധരിക്കണമെന്ന പ്രഖ്യാപനം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കിയും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം ഖാദി വസ്ത്രങ്ങളാക്കിയും അവശേഷിക്കുന്ന നെയ്ത്തുശാലകൾ പ്രവർത്തനക്ഷമമാക്കാൻ ഖാദി ബോർഡും സർക്കാരും ശ്രമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

 സർക്കാർ സഹായം വേണം

സ്കൂളുകളിലേക്കുള്ള യൂണിഫോം ഓർഡർ.ഇവർക്കു നൽകാം

മാസ്ക് നിർമ്മാണം ഇവരെ ഏൽപ്പിക്കാം

പ്ലാസ്റ്റിക് നിരോധനം ഉള്ളതിനാൽ തുണി സഞ്ചികളുടെ ഒാർഡർ നൽകാം

നേരത്തെ ഉണ്ടായിരുന്നത്

100 ലധികം നെയ്ത്തുശാലകൾ

നിലവിൽ 20 ൽ താഴെ

അവശേഷിക്കുന്ന നെയ്തു കേന്ദ്രങ്ങൾ

ആനച്ചൽ

കളമച്ചൽ

ഇളമ്പ

നന്തായ് വനം

പുതിയ തലമുറയിൽ ആരും ഈ മേഖലയിലേക്ക് വരുന്നില്ല. ത്രിതല പഞ്ചായത്ത് തലത്തിൽ നെയ്ത്ത് മേഖലയെ പരിപോഷിപ്പിക്കാൻ പദ്ധതികൾ കൊണ്ടുവരണം

സുകുമാരൻ, കൈത്തറി തൊഴിലാളി