orangutan

ന്യൂയോർക്ക്: ജർമൻ മൃഗശാലയിൽ ഒറാംഗ്ഊട്ടാൻ കുഞ്ഞ് ചത്തത് കൊവിഡ് വൈറസ് ബാധയേറ്റാണോ എന്ന് അന്വേഷണിക്കമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പെറ്റ. ഏപ്രിൽ മാസം ആദ്യമാണ് ജർമനിയിലെ ലെയ്പ്സിഗ് മൃഗശാലയിൽ ഒമ്പത് മാസം പ്രായമുള്ള റിമ എന്ന് പേരുള്ള കുഞ്ഞ് ഒറാംഗ്ഊട്ടാൻ ചത്തത്.

ജർമനിയിലെ ഒരു വിഭാഗം മൃഗസംരക്ഷണ പ്രവർത്തകർ ഒറാംഗ്ഊട്ടാന് കൊവിഡ് ബാധയുണ്ടായിരുന്നു എന്ന സംശയവുമായി രംഗത്തെത്തിയിരുന്നു. മറ്റുള്ള ജീവികളിൽ നിന്നും കൊവിഡിന്റെ പ്രത്യാഘാതം ചിമ്പാൻസി, ഗോറില്ല, ഒറാംഗ്ഊട്ടാൻ തുടങ്ങിയ ജീവികളിൽ വളരെ ഗുരുതരമാണ്. മനുഷ്യരിലെ ജലദോഷപ്പനി പോലും ഇവരിൽ മരണക്കാരണമാകാം. കൊവിഡ് പോലെയുള്ള മാരക വൈറസുകൾക്ക് വംശനാശ ഭീഷണിയുടെ വക്കിൽ നില്ക്കുന്ന ഇത്തരം ജീവികളെ ഭൂമുഖത്ത് നിന്നും പാടേ തുടച്ചു മാറ്റാനാകും. അതുകൊണ്ട് തന്നെ സംഭവത്തെ പറ്റി അന്വേഷിക്കണമെന്നാണ് പെറ്റയുടെ ആവശ്യം.

അതേ സമയം, മൃഗശാലയിൽ ജീവനക്കാർ ഉൾപ്പെടെ ആർക്കും കൊവിഡ് 19 ബാധ കണ്ടെത്തിയിട്ടില്ലെന്നും ചത്ത ഒറാംഗ് ഊട്ടാൻ കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മൃഗശാല അധികൃതർ വ്യക്തമാക്കുന്നു. മൃഗശാലയിലെ മൃഗങ്ങളെല്ലാം സുരക്ഷിതരാണെന്നും ഇവർ പറയുന്നു. നേരത്തെ യു.എസിലെ ബ്രോൺക്സ് മൃഗശാലയിൽ നിരവധി കടുവകൾക്കും സിംഹങ്ങൾക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു.