തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200ഓളം ബോട്ടുകൾക്കാണ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് ബാധകമല്ല.

അന്യ സംസ്ഥാന ബോട്ടുകൾ നിരോധനം നിലവിൽ വരുന്നതിന് മുൻപ് കേരള തീരം വിട്ടുപോകണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പട്രോളിംഗിനും എല്ലാ തീരദേശ ജില്ലകളിലുമായി 20 സ്വകാര്യ ബോട്ടുകൾ വാടകയ്ക്കെടുക്കും. പരിശീലനം ലഭിച്ചിട്ടുള്ള 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പട്രോൾ ബങ്കുകൾ ഈ കാലയളവിൽ പ്രവർത്തിക്കില്ല. മറൈൻ ആംബുലൻസിന്റെ സേവനം ജൂൺ, ജൂലായ് മാസങ്ങളിൽ ലഭ്യമാക്കും. 50 പേർക്ക് പോകാവുന്ന വള്ളങ്ങളിൽ 30 പേർക്ക് പോകാൻ അനുമതി നൽകും. നിലവിൽ ഉപയോഗിക്കുന്ന ഭാരമേറിയ വലകൾക്ക് പകരം ചെറിയ വലകൾ ഉപയോഗിക്കുകയും ശക്തിയേറിയ എൻജിനുകൾ ഒഴിവാക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.