ആറ്റിങ്ങൽ: നിർമാണ തീയതി തെറ്റായി രേഖപ്പെടുത്തിയ ശേഷം വില്പന നടത്താൻ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് പിടിച്ചെടുത്തു. ആലംകോട് കൊച്ചുവിളമുക്ക് എ.ആർ. ഏജൻസീസിൽ നിന്നുമാണ് 20 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റ് ഫുഡ് പിടിച്ചെടുത്തത്. ഏത്തക്കാ ചിപ്‌സ്, മിക്സ്ചർ, പക്കാവട, മുറുക്ക് തുടങ്ങിയ പലഹാരങ്ങളുടെ നിർമ്മാണ തീയതി 6 ദിവസം കഴിഞ്ഞുള്ളതാണ് രേഖപ്പെടുത്തിയിരുന്നത്. ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷെൻസി, സിദ്ദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ക്രമക്കേട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു.