നെയ്യാറ്റിൻകര : ആശുപത്രിയിൽ പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സലയെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ തടഞ്ഞു വച്ചു. ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്നിഷ്യന്മാരുടെ ഇന്റർവ്യൂ നടത്താൻ ശ്രമിച്ചത് ലോക്ക് ഡൗൺ ചട്ടവിരുദ്ധ പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്തെത്തിയത്. അപേക്ഷ നൽകിയ 27 പേരിൽ 17 പേരുടെ അഭിമുഖം നടക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയത്. പത്ര പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അഭിമുഖത്തിന് ശ്രമിച്ചത്.

എന്നാൽ ഒരു പത്രത്തിൽ മാത്രം പരസ്യം നൽകി ലോക്ക് ഡൗണിന്റെ മറവിൽ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള അഭിമുഖ നാടകമാണെന്ന് പ്രവർത്തകർ ആരോപിച്ചു. അതേസമയം, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്റർവ്യൂ ഉണ്ടാകില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. നെയ്യാറ്റിൻകര സി.ഐ ശ്രീകുമാറിന്റ നേതൃത്വത്തിലെത്തിയ സംഘം പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.