തിരുവനന്തപുരം: പൊതുജനാരോഗ്യത്തിന് വേണ്ടി മോഹൻലാൽ നൽകിയ അവബോധ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രിയെന്ന നിലയിൽ ജന്മദിനത്തിൽ നന്ദിയോടെ ഓർക്കുന്നതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ലോക്ക് ഡൗണിൽ ചെന്നൈയിലെ വീട്ടിൽ കഴിയുമ്പോഴും ആരോഗ്യപ്രവർത്തകർക്ക് ഊർജം പകരാൻ ലാലിന് കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുമായുള്ള വീഡിയോ കോൺഫറൻസിൽ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' എന്ന ഗാനം ആലപിച്ചത് എന്റെ മനസിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു.
കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ഊർജം പകരാൻ തിരക്കുകൾ മാറ്റിവച്ച് ഏറെനേരം മോഹൻലാൽ ചെലവഴിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾക്കായി രാജ്യം കാതോർക്കുമ്പോഴും ആരോഗ്യ പ്രവർത്തകരുമായി സംവദിക്കാൻ കിട്ടിയ അവസരം ജീവിതത്തിലെ ഭാഗ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രമേൽ ഇഴചേർന്ന ബന്ധമാണ് അദ്ദേഹവുമായി ആരോഗ്യവകുപ്പിനുള്ളത്. അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും മന്ത്രി ആശംസിച്ചു.