കാട്ടാക്കട: ലോക്ക് ഡൗണിന് ശേഷം ഗ്രാമീണ മേഖലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ഇന്നലെ സർവീസുകൾ ആരംഭിച്ചു. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. യാത്രക്കാർ ബസിൽ കയറുമ്പോൾ സാനിറ്റൈസർ നൽകുന്നുണ്ട്. മാസ്ക്ക് ധരിക്കണമെന്ന കർശന നിർദേശം നൽകുകയും ചെയ്യുന്നു. ബസ് സ്റ്റാൻഡുകളിൽ നിന്നും കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം അനുസരിച്ച് യാത്രക്കാർ ഫുൾ ആയാൽ (ഓർഡിനറിയിൽ 31.സിറ്റി സർവീസ് 21 പേരുമാണ് ഉണ്ടാകുക) വേണ്ടി വന്നാൽ അധിക സർവീസ് നടത്താനും ഡിപ്പോകൾക്ക് നിർദ്ദേശമുണ്ടായിരുന്നു.

കാട്ടാക്കട ഡിപ്പോയിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് രാവിലെ 7 മുതൽ സർവീസ് ആരംഭിച്ചു. 26 സർവീസുകൾ ആണ് പ്രവർത്തിപ്പിക്കുന്നത്‌. ഇന്നത്തെ യാത്ര അനുസരിച്ചു യാത്രക്കാരുടെ ആവശ്യാനുസരണം വരും ദിവസങ്ങളിൽ ഷെഡ്യുൽ ക്രമീരിക്കും. വെള്ളറട 26, വെള്ളനാട് 14, ആര്യനാട് 14 എന്നിങ്ങനെ ഷെഡ്യൂൾ പ്രവർത്തിപ്പിച്ചു.

മറ്റ് ജില്ലകളിലുള്ള കണ്ടക്ടർമാർ ജില്ലയ്ക്ക് പുറത്തേയ്ക്ക് ബസ് ഇല്ലാത്തതിനാൽ ജോലിയ്ക്ക് പോകാൻ കഴിയുന്നില്ല. ഇതിനുള്ള പരിഹാരം എന്ന നിലയ്ക്ക് അവരുടെ വീടിനടുത്തുള്ള ഡിപ്പോകളിൽ ജോലി നൽകാൻ നിർദ്ദേശിച്ചാൽ അവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് ജീവനക്കാർ പറയുന്നു.