തിരുവനന്തപുരം : സുഭിക്ഷ കേരളം പദ്ധതിയിലെ ഗുണഭോക്താക്കൾക്കുള്ള വായ്പാസഹായം പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ലഭ്യമാക്കുന്നതിന് കൃഷി, സഹകരണ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ രൂപരേഖ തയ്യാറാക്കി.
നബാർഡ് സഹായമായ 1500 കോടിയാണ് കർഷകർക്ക് നൽകുന്നത്. കൃഷി ഓഫീസർമാരുടെ ശുപാർശയുള്ളവർക്കാവും മുൻഗണന. ഇതിന് പുറമെ, കേരള ഗ്രാമീൺ ബാങ്ക് വഴി 1000 കോടിയും കർഷകർക്കും കർഷക സംഘങ്ങൾക്കുമായി വിതരണം ചെയ്യുന്നുണ്ട് ..വിള ഉത്പന്നം, മൃഗ സംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ മൂലധനം, കാർഷികോത്പാദനോപാധികൾ വാങ്ങുന്നതിനുള്ള പ്രവർത്തന മൂലധനം, അഗ്രോപ്രോസസിംഗ് യൂണിറ്റുകൾക്കുള്ള സഹായം എന്നീ ഇനങ്ങളിലായാണ് . ഈടില്ലാതെ 1. 6 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്.
പരമാവധി കർഷകർക്ക് കിസാൻ ക്രഡിറ്റ് കാർഡ് വായ്പ നൽകുന്നതിനും സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ മാതൃകാത്തോട്ടങ്ങളും കാർഷിക സംസ്‌കരണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ഉത്പന്നങ്ങളുടെ സംഭരണത്തിനും സംസ്‌ക്കരണനും വിപണനത്തിനും സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കും. യോഗത്തിൽ മന്ത്രിമാരായ വി.എസ്.സുനിൽ കുമാർ, കടകം പള്ളി സുരേന്ദ്രൻ, സെക്രട്ടറിമാരായ ഡോ.രത്തൻ ഖേൽക്കർ , മിനി ആന്റണി , കൃഷി വകുപ്പ് ഡയറക്ടർ. ഡോ. കെ.വാസുകി , കേരള ബാങ്ക് മാനേജിംഗ് ഡയറക്ടർ പി.എസ്. രാജൻ എന്നിവർ പങ്കെടുത്തു.