തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിരക്ക് വർദ്ധന ഉടൻ പിൻവലിക്കണമെന്നും യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോൾ കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ബസുകൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ. അനുരാജ് ആവശ്യപ്പെട്ടു. നിരക്ക് വർദ്ധനവിനെതിരെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിനുമുന്നിൽ യുവമോർച്ച നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് രണ്ടുമാസത്തോളം തൊഴിലും വരുമാനവുമില്ലാതെ വലയുന്ന ജനങ്ങളിൽ അമിതഭാരം അടിച്ചേല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, നന്ദു എസ് നായർ, പി. അനൂപ് കുമാർ, ജി.എസ്. ആശാനാഥ്, കവിത സുഭാഷ് എന്നിവർ പങ്കെടുത്തു.