 തീരുമാനം മാറ്റിയത് കേന്ദ്രാനുമതിയോടെ

 പരീക്ഷ മാറ്റിയെന്ന് രാവിലെ  നടക്കുമെന്ന് വൈകിട്ട്

തിരുവനന്തപുരം/ന്യൂഡൽഹി: ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച പത്താംക്ളാസ്​, ഹയർ സെക്കൻഡറി പരീക്ഷകൾ നിബന്ധനകളോടെ ​നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതോടെ കേരളത്തിലെ അനിശ്ചിതത്വം മാറി. എസ്.എസ്.എൽ.സി, പ്ളസ് വൺ, പ്ളസ്ടു ബാക്കി പരീക്ഷകൾ 26ന് തു‌ടങ്ങും. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് ശേഷവും മറ്റുള്ളവ രാവിലെയുമാണ്.

പരീക്ഷയ്ക്ക് ഇനി വെറും അഞ്ചു ദിവസം മാത്രം ശേഷിക്കേ, സർക്കാരിന്റെ ഒരുക്കങ്ങൾ എത്രമാത്രം ഫലവത്താകുമെന്നാണ് കണ്ടറിയേണ്ടത്. കൊവിഡ് മൂന്നാം ഘട്ട വ്യാപനം സംസ്ഥാനത്ത് അനുദിനമുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 13 ലക്ഷത്തോളം കുട്ടികൾക്കാണ് സ്കൂളിലെത്തേണ്ടത്.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ നടത്തിപ്പിൽ മാറ്റമില്ലെന്ന് ചൊവ്വാഴ്ചയും കർക്കശ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്നലെ രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം പരീക്ഷ മാറ്റിവയ്ക്കുന്നതായി അറിയിച്ചെങ്കിലും കേന്ദ്രാനുമതി കിട്ടിയതോടെ മാറ്റമില്ലെന്ന് വൈകിട്ട് തിരുത്തുകയായിരുന്നു.

കേന്ദ്ര മാർഗനിർദ്ദേശം ജൂൺ ആദ്യം വരുമെന്നും അതിന് ശേഷം പുതുക്കിയ തീയതി തീരുമാനിക്കുമെന്നുമാണ് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പിന്നാലെ, സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവടക്കം രംഗത്തെത്തി. എന്നാൽ, അനുമതി നൽകിയുള്ള കേന്ദ്ര മാർഗനിർദ്ദേശം ഉച്ചയോടെ പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് കത്തയയ്ക്കുകയായിരുന്നു. തുടർന്നാണ് പരീക്ഷകൾ 26 മുതൽ 30 വരെ നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ ഉറപ്പ്

 മുൻകരുതലെടുക്കും. സ്കൂളിലെത്താൻ ഗതാഗത സൗകര്യവുമൊരുക്കും

ആശങ്കപ്പെടേണ്ട, പ്രശ്നമുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയാൽ പരിഹരിക്കും

 ക്ലാസിൽ നല്ല അകലം പാലിച്ചാവും കുട്ടികളെ ഇരുത്തുക

 കൈകൾ വൃത്തിയാക്കാൻ സൗകര്യമുണ്ടാകും. മാസ്ക് ധരിക്കണം

 കുട്ടികൾക്ക് പനിയോ മറ്റോ ഉണ്ടോയെന്ന് സ്കൂളിൽ പരിശോധിക്കും

വാഹന സൗകര്യം

ഗതാഗത സൗകര്യം സ്കൂളുകൾ ഒരുക്കണം. അതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണം. മറ്റ് ജില്ലകളിലുള്ളവരെ എത്തിക്കാൻ സൗകര്യമാവശ്യപ്പെട്ടാൽ സർക്കാർ ക്രമീകരണമൊരുക്കും

വെല്ലുവിളികൾ

1. ട്രാൻസ്പോർട്ട് സർവീസ് പരിമിതം. എല്ലാ സ്കൂളിനും ബസില്ല

2. മറ്റ് ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകരുടെ യാത്രയിൽ അനിശ്ചിതത്വം

3. തെർമൽ സ്ക്രീനിംഗ് എങ്ങനെയെന്നതിൽ വ്യക്തതയില്ല

4. സുരക്ഷാ ക്രമീകരണത്തിന് പ്രത്യേക ചുമതലക്കാരെ വച്ചില്ല

5. കണ്ടെയ്മെന്റ് സോണുകളിലുള്ളവരുടെ പരീക്ഷാ കേന്ദ്രത്തിൽ വ്യക്തതയായില്ല

ഗൾഫ്, കണ്ടെയ്ൻമെന്റ് സോൺ

പരീക്ഷാനടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളുമായെന്നാണ് ഇന്നലെ മുഖ്യമന്ത്രിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചത്. വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ നൽകിയ മറുപടി:

1. ഗൾഫ് നാടുകളിലും ലക്ഷദ്വീപിലും പരീക്ഷാ ക്രമീകരണം?

പിന്നീട് ക്രമീകരണമുണ്ടാക്കാം. (ഗൾഫ് മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപിൽ 592 പേരും എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നു)

2.കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷ എങ്ങനെ?

കണ്ടെയ്ൻമെന്റ് സോണെന്നാൽ പ്രത്യേക വാർഡ് ആയിരിക്കുമല്ലോ. അവിടെയുള്ളവർക്ക് തൊട്ടടുത്തുള്ള സ്കൂളുകളിൽ ക്രമീകരണമുണ്ടാകും

ഇപ്പോൾ കഴിയാത്തവർക്ക്
സേ പരിക്ഷയ്ക്കൊപ്പം

കൊവിഡ് നിയന്ത്രണങ്ങൾ കാരണം 26 മുതൽ പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്ക്കൊപ്പം അവസരം നൽകുമെന്ന് പൊതുവിദ്യാഭ്യാസ ‌ഡയറക്ടർ ജീവൻ ബാബു അറിയിച്ചു. ഇവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം മറ്റുള്ളവർക്കൊപ്പം സാദ്ധ്യമാകുന്ന രീതിയിൽ പരീക്ഷ ക്രമീകരിക്കും.

കേന്ദ്ര നിബന്ധനകൾ