checkpost

കാഞ്ഞങ്ങാട്: സംസ്ഥാന പാതയായ പാണത്തൂർ മടിക്കേരി റോഡിലുഉള്ള ചെമ്പേരിയിൽ സംസ്ഥാന അതിർത്തി അനധികൃതമായി കടന്നുവന്ന ആൾക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു . പാണത്തൂർ അരിപ്രോ‌ഡ് സ്വദേശി ബി.എസ് മോഹൻകുമാറിനെതിരെയാണ് (43) പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്.

ബംഗളൂരിൽ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന മോോഹൻകുമാർ മടിക്കേരിയിലാണ് ബസ് ഇറങ്ങിയത്. അവിടെനിന്ന് ഭാഗമണ്ഡലത്തിലേക്കും തുടർന്ന് കേരള അതിർത്തിയായ പാണത്തൂർ ചെമ്പേരിയിലേക്കും ഓട്ടോറിക്ഷയിൽ എത്തി. കേരളത്തിലേക്ക് കടക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. പൊലീസും പനത്തടി പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ചേർന്ന് മോഹൻ കുമാറെ ചെറുപനത്തടി സെന്റ് മേരീസ് കോളേജിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. കർണാടകത്തിൽ നിലവിൽ മഞ്ചേശ്വരം വഴി മാത്രമാണ് കേരളത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് .പാണത്തൂർ ഭാഗത്ത് കേരളത്തിലേക്ക് നിരവധി ഊടുവഴികളുണ്ട്. ഇതുവഴി അനധികൃതമായി കടന്നുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജപുരം സർക്കിൾ ഇൻസ്‌പെക്ടർ ബാബു പെരിങ്ങോത്ത് പറഞ്ഞു.