തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇരുവരും വിദേശത്തു നിന്നെത്തിയവരാണ്.12ന് ദമാമിൽ നിന്നെത്തിയ 46കാരനായ ബാലരാമപുരം സ്വദേശി ഐ.എം.ജിയിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.17ന് അബുദാബിയിൽ നിന്നെത്തിയ 26കാരനായ കാട്ടാക്കട സ്വദേശി രോഗലക്ഷണങ്ങളോടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 608 പേർ പുതുതായി നിരീക്ഷണത്തിലായപ്പോൾ 586 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വിവിധ ആശുപത്രികളിലായി രോഗലക്ഷണങ്ങളുമായി 14 പേരെ പ്രവേശിപ്പിച്ചു.10 പേരെ ഡിസ്ചാർജ് ചെയ്‌തു. ഇന്നലെ 130 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 100 ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്നലെ ഇഞ്ചിവിള വഴിയെത്തിയത് 116 പേർ. തമിഴ്നാട്ടിൽ നിന്നു 111 പേരും മഹാരാഷ്ട്രയിൽ നിന്ന് നാലു പേരും കർണാടകയിൽ നിന്ന് ഒരാളുമാണെത്തിയത്. റെഡ് സോണിൽ നിന്നെത്തിയ 25 പേരെ വീട്ടിലും രണ്ടുപേരെ സർക്കാർ കേന്ദ്രത്തിലും നിരീക്ഷണത്തിലാക്കി. വന്നവരിൽ 94പേർ തിരുവനന്തപുരം സ്വദേശികളാണ്.

ഇന്നലെ രജിസ്റ്റർ ചെയ്തത് 150 കേസുകൾ

അറസ്റ്റിലായത് 148പേർ

കസ്റ്റഡിയിലെടുത്തത് 81വാഹനങ്ങൾ

ആകെ നിരീക്ഷണത്തിലുള്ളത് -5936 പേർ

വീടുകളിൽ നിരീക്ഷണത്തിലുള്ളത്-5356 പേർ

ആശുപത്രികളിലുള്ളത് -47 പേർ

 കെയർ സെന്ററുകളിലുള്ളത്-533 പേർ