തിരുവനന്തപുരം: ഇപ്പോഴത്തെ തോതിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പക്ഷം, ഗുരുതരമായ സാഹചര്യമായിരിക്കും കേരളത്തിന് നേരിടേണ്ടി വരികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്ക് ഡൗണിൽ ചില ഇളവുകൾ നൽകിയെങ്കിലും, തുടർന്നുള്ള നാളുകളിൽ പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. കൊവിഡിന് മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ. ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുന്നോട്ടു പോകണം. അതിതീവ്ര (കണ്ടെയ്ൻമെന്റ്) മേഖലകളിൽ ഒരിളവും നൽകിയിട്ടില്ല, കൂടുതൽ കർക്കശമായ നടപടികൾ അവിടെയുണ്ടാവും.
പ്രവാസികളും അന്യസംസ്ഥാനങ്ങളിലുള്ളവരും എത്തിയതോടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. മേയ് എട്ടിന് 16 പേർ ചികിത്സയിലുണ്ടായിരുന്നത് ഇപ്പോൾ 161 ആയി.
സ്വകാര്യ ആശുപത്രികളുമായും സഹകരിക്കും
പുതിയ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് സ്വകാര്യ ആശുപത്രികളുമായും സഹകരിക്കും. ഇതിന് ഐ.എം.എയുടെ പിന്തുണയുമുണ്ട്. മറ്റു രോഗങ്ങളുള്ളവരെയും പ്രായമായവരെയും പൂർണമായി സംരക്ഷിക്കണം. പ്രവർത്തന സന്നദ്ധതയുള്ള ഡോക്ടർമാരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടർമാരുടെ വിവരങ്ങൾ കൈമാറും. രോഗിയെ ഡോക്ടർക്ക് കാണണമെന്നുണ്ടെങ്കിൽ യാത്രാസൗകര്യവും ഏർപ്പെടുത്തും.
കുതിച്ചുകയറി രോഗം
പ്രവാസികളും അന്യസംസ്ഥാനങ്ങളിലുള്ളവരും എത്തിയതോടെ രോഗികളുടെ എണ്ണത്തിൽ വർദ്ധയുണ്ടാകുന്നു. മേയ് ഏഴിനാണ് ആദ്യവിമാനമെത്തിയത്. മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ രോഗികളുണ്ടായിരുന്നില്ല. എട്ടിന് ഒരാൾക്ക് രോഗബാധയുണ്ടായി. പിന്നീടുള്ള ദിവസങ്ങളിലെ രോഗബാധ ഇങ്ങനെ-
മേയ് 13ന്- 10
14ന്-26
15ന്16 1
6ന് 11
17ന് 14
18ന് 29
19ന് 12
20ന് 24
കൊവിഡ് ബാധിതർ ഇരട്ടിയിലേറെയാകാം
അധിക നാൾ അടച്ചിടാനാവില്ല
തിരുവനന്തപുരം: വിദേശത്തും അന്യ സംസ്ഥാനങ്ങളിലും നിന്നുള്ള മലയാളികളുടെ മടക്കം വഴി സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ ഉയരാമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. വരും മാസങ്ങളിൽ ഇത് 2000 വരെ എത്താമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇന്നലെ 24 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 666 ആയി.
കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ രോഗലക്ഷണമുള്ളവരുമായി സമ്പർക്കം കുറയ്ക്കുകയാണ് മുഖ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുറത്തുള്ളവർ വരേണ്ട എന്ന സമീപനമെടുക്കാനാവില്ല. അവർ സ്വന്തം നാട്ടിലേക്കാണ് വരുന്നത്. വീട്ടിലെത്തുന്നവർ പുറത്തിറങ്ങാതെ, കർശന നിരീക്ഷണത്തിൽ കഴിയുന്നെന്ന് ഉറപ്പാക്കണം. ഇനി അധിക നാൾ അടച്ചിടാൻ കഴിയില്ല. കൊവിഡിനൊപ്പം ജാഗ്രതയോടെയുള്ള ജീവിതം മാത്രമാണ് മുന്നിലുള്ള മാർഗം.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകൾക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് ആവശ്യപ്പെടും. നോർക്ക വഴി ഇവരുടെ വിവരം ശേഖരിച്ച് വീടുകളിലേക്കു വിടും. രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും. പ്രവാസികൾ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണം കാര്യമായി ഉയർന്നു. രോഗം മറച്ചുവച്ച് എത്തുന്നവർക്കെതിരെ നടപടിയുണ്ടാകും.
മൂന്നാംഘട്ട പ്രതിരോധത്തിന് തദ്ദേശ തലത്തിൽ ജാഗ്രതാസമിതികൾ രൂപീകരിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ് വിമർശിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.