kovalam

കോവളം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് തുറമുഖ വകുപ്പിന്റെ ലീവേർഡ് വാർഫിലെ ബ്രേക്ക് വാട്ടർ പുനർ നിർമ്മാണം മുടങ്ങി. മത്സ്യത്തൊഴിലാളികളുടെയും വിഴിഞ്ഞം പോർട്ട് അധികൃതരുടെയും നിരന്തരമായുള്ള പരാതിയെ തുടർന്നാണ് തുറമുഖ വകുപ്പ് മുൻകൈയെടുത്ത് പുനർനിർമ്മാണത്തിനായി തുക അനുവദിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയവും പാറ കിട്ടാനുള്ള ബുദ്ധിമുട്ടും പദ്ധതി വൈകാൻ കാരണമായി. പ്രതിസന്ധികൾക്കിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർമ്മാണം മുടങ്ങുകയായിരുന്നു. രണ്ടു തവണയുണ്ടായ വെള്ളപ്പൊക്കത്തിലും ഓഖിയിലും ലീവേർഡ് വാർഫിന്റെ 50 മീറ്ററോളം നീളത്തിൽ സ്ഥാപിച്ചിരുന്ന ടെട്രാപോഡുകൾ സ്ഥാനം തെറ്റി കടലിൽ താഴ്ന്നിരുന്നു. കടലേറ്റത്തിൽ നിലവിലെ 10 അടിയോളം പൊക്കത്തിൽ തിരയടിച്ച് വെള്ളം കയറി. കാലക്രമേണ ശക്തമായ തിരയടിയിൽ ഇവിടെ സ്ഥാപിച്ച കരിങ്കല്ലുകളും ടെട്രോപാഡുകളും കടലെടുത്ത് നശിക്കുകയായിരുന്നു. ഓഖിയെ തുടർന്ന് ലീവേർഡ് വാർഫിന്റെ നടുക്കുള്ള ഭാഗത്ത് മണ്ണടിഞ്ഞതിനെ തുടർന്ന് ആഴം കുറവായിട്ടുണ്ട്. കൂടാതെ വാർഫിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് മണ്ണടിഞ്ഞതു കാരണം കപ്പൽ തീരത്തെത്തിക്കാൻ കഴിയില്ല. തുറമുഖ വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാർഫുകളുടെ നിയന്ത്രണം ഇനി സുരക്ഷാ സേനയ്ക്കായിരിക്കും നൽകുക. തുറമുഖത്തെത്തുന്ന സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും. വിഴിഞ്ഞം ലീവേർഡ്, സീ വേർഡ് വാർഫുകളിൽ വന്നു പോകുന്ന എല്ലാ വിധത്തിലുള്ള യാനങ്ങളുടെയും സുരക്ഷ,​ ചരക്ക്,​ കയറ്റിറക്ക് കാര്യങ്ങളിൽ ഏർപ്പെടുത്തുന്ന തൊഴിലാളികളുടെ നിയന്ത്രണം എന്നിവയുടെ ചുമതല ഇനി സുരക്ഷാ ഉദ്യോഗസ്ഥർക്കാണെന്നും അധികൃതർ പറയുന്നു.

വിഴിഞ്ഞം പഴയ വാർഫിൽ ലീവേർഡ് ബ്രേക്ക്

വാട്ടർ സ്ഥാപിച്ചത് - 30 വർഷം മുമ്പ്

പുനർ നിർമ്മാണത്തിന് അനുവദിച്ചത് - 7.25 കോടി

നിർമ്മാണം വേഗത്തിലാക്കണം

-----------------------------------------------------

അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തൊഴിലാളികൾക്ക് സുഗമമായി വള്ളം എത്തിക്കണമെങ്കിൽ ലീവേർഡ് ബ്രേക്ക് വാട്ടറിന്റെ പുനർ നിർമ്മാണം ഉടൻ തുടങ്ങണം. വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിത്തത്തിനു പോകുന്ന വള്ളങ്ങൾ, മാലദ്വീപിൽനിന്നു ചരക്ക് കയറ്റാനെത്തുന്ന കപ്പലുകൾ, വന്നുപോകുന്ന ആഢംബര കപ്പലുകൾ എന്നിവയും ഇവിടെ നിന്നാണ് പോകുന്നത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കല്ലുകൾ ഇളകിമാറുകയാണമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. വിഴിഞ്ഞത്ത് ചെറുകപ്പലുകൾക്ക് സുഗമമായി എത്തിച്ചേരാനുള്ള സൗകര്യം ഉടൻ ‍ഏർപ്പെടുത്തണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം

പ്രതികരണം

---------------------

വിഴിഞ്ഞം ലീവേർഡ് വാർഫിലെ ബ്രേക്ക് വാട്ടർ പുനർനിർമ്മാണം തുടങ്ങുന്നതിനുള്ള ഏതാനും നടപടി ക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. ഈ ആഴ്ചയോടെ ചില വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തടസങ്ങൾ മാറ്റും. കരിങ്കല്ല് ക്ഷാമവും തുടർന്നുള്ള ലോക് ഡൗണും നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്.

പി.കെ. അനിൽകുമാർ, ചീഫ് എൻജിനീയർ,

ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ്