തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഇന്നലെ തുറന്ന ജുവലറികളിലെല്ലാം നല്ല തിരക്കായിരുന്നു. അടച്ചിടൽ പ്രഖ്യാപനത്തെത്തുടർന്ന്
അമ്പത്തിയേഴാം ദിവസമാണ് കടകൾ തുറന്നത്. വിവാഹ പാർട്ടികളടക്കം ഇന്നലെ എത്തിയത് വ്യാപാരികൾക്ക് വലിയ പ്രതീക്ഷനൽകുന്നുണ്ട്.
നേരത്തെ നിശ്ചയിച്ച കല്യാണങ്ങൾക്കായി സ്വർണം ബുക്കുചെയ്യാനെത്തിയവരായിരുന്നു അധികവും.
ലോക്ക് ഡൗൺ കാലത്ത് ലളിതമായി കല്യാണം നടത്തിയവരും മകൾക്ക് നൽകാൻ തീരുമാനിച്ചിരുന്ന ആഭരണങ്ങൾ വാങ്ങാനെത്തിയിരുന്നു.
സ്വർണവില കൂടുതലാണെങ്കിലും വാങ്ങാതിരിക്കാൻ പറ്റില്ലെന്നും നേരത്തെ ബുക്ക് ചെയ്ത സ്വർണം ഇന്നെങ്കിലും വാങ്ങാൻ കഴിഞ്ഞത് സന്തോഷകരമെന്നും ഭീമാ ജുവലറിയിൽ മകൾക്ക് ആഭരണം വാങ്ങാനെത്തിയ കടയ്ക്കൽ സ്വദേശി ദീപ പറഞ്ഞു.
രാവിലെ ജുവലറികൾ തുറന്ന് അണുവിമുക്തമാക്കിയ ശേഷമാണ് വ്യാപാരം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് മാസ്‌ക് നിർബന്ധമായിരുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയതിന് ശേഷമാണ് ജുവലറിയിലേക്ക് പ്രവേശനം അനുവദിച്ചത്. ചില സ്ഥാപനങ്ങളിൽ തെർമൽ സ്കാനറും സജ്ജമാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയാണ് എല്ലാ സ്ഥാപനങ്ങളും തുറന്നത്.
....................................................................................................................
വർഷത്തിൽ വ്യാപാരത്തിന്റെ മുപ്പത് ശതമാനവും നടക്കുന്ന സീസണാണ് ലോക്ക് ഡൗണിൽ നഷ്ടപ്പെട്ടത്. അക്ഷയ തൃതീയ, മേടപ്പത്ത് എന്നീ ശുഭ ദിവസങ്ങളിൽ വലിയ രീതിയിൽ വ്യാപാരം നടക്കുമായിരുന്നു. എങ്കിലും ഇതുവരെ നടന്ന ബുക്കിംഗിൽ പ്രതീക്ഷയുണ്ട്.
സുരേഷ് , ഷോറൂം മാനേജർ, ഭീമാ ജുവലറി, തിരുവനന്തപുരം