തിരുവനന്തപുരം: രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ പ്രവർത്തന സന്നദ്ധരായ ഡോക്ടർമാരുടെ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡി.എം.ഒമാർക്കായിരിക്കും ചുമതല. ചികിത്സ ആവശ്യമുള്ളവർക്ക് ഡോക്ടർമാരുടെ വിവരം നൽകണം. രോഗിയെ ഡോക്ടർക്ക് കാണണമെങ്കിൽ ആരോഗ്യ കേന്ദ്രങ്ങൾ യാത്രാസൗകര്യം ഒരുക്കണം. ആരോഗ്യവകുപ്പിൽ 2948 താത്കാലിക തസ്തികകൾ കൂടി സൃഷ്ടിച്ചു. മഴക്കാലത്തിനുമുമ്പ് പകർച്ചവ്യാധിസാദ്ധ്യത തടയുമെന്നും കളക്ടർമാരുമായുള്ള വീഡിയോ കോൺഫറസിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റ് തീരുമാനങ്ങൾ
സമൂഹ അടുക്കളകൾ ആവശ്യമുള്ളിടത്ത് നിലനിറുത്തും
ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാർ ആ ജില്ലയിലെ കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണം
സ്വന്തം വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവർ മാത്രം സർക്കാർ ക്വാറന്റൈൻ സംവിധാനം ഉപയോഗിക്കണം
ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ മൂന്ന് ഗ്രൂപ്പുകളായി ആഴ്ചയിൽ രണ്ടുദിവസം വീതം കളക്ഷൻ സ്വീകരിക്കാനും തുക പോസ്റ്റോഫീസിൽ നിക്ഷേപിക്കാനും അനുവദിക്കും
65 വയസ് കഴിഞ്ഞ ഏജന്റുമാർ ഭവനസന്ദർശനം നടത്താൻ പാടില്ല
മൺസൂൺ ദുരന്ത പ്രതിരോധ പ്രതികരണ മുന്നൊരുക്കത്തിനായി ദുരന്തനിവാരണ അതോറിട്ടി മാർഗരേഖ തയ്യാറാക്കി