തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് സന്നദ്ധപ്രവർത്തകർ പിൻവലിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രണ്ടര ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ ആരെയും കാണാനില്ല. അതിർത്തി ചെക്ക് പോസ്റ്റുകളിലുൾപ്പടെ ആരോഗ്യപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണുള്ളത്. കമ്മ്യൂണിറ്റി കിച്ചൺ നിർത്തിയതോടെ സന്നദ്ധപ്രവർത്തനത്തിനു വന്ന സി.പി.എമ്മുകാരും പിൻവലിഞ്ഞു. സ്വന്തം പാർട്ടിക്കാരെയും സ്വന്തക്കാരെയും മാത്രം സന്നദ്ധപ്രവർത്തനത്തിന് നിയമിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മടങ്ങി വരുന്ന പ്രവാസികളെയെല്ലാം സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ഇപ്പോൾ ഇത്രയധികം ഫ്ളൈറ്റുകൾ വിദേശത്തു നിന്ന് വരേണ്ടതില്ലന്ന് പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ ശ്രമിക് ട്രെയിനുകൾക്ക് വേണ്ടിയുള്ള ഒരു ശ്രമവും സംസ്ഥാനം ചെയ്യുന്നില്ല. കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനനുസരിച്ചുള്ള ജാഗ്രത ഇല്ലെന്നും വെറും പ്രചാരണങ്ങൾ മാത്രമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.