തിരുവനന്തപുരം: കൊവിഡ് വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതുതായി രോഗബാധയുണ്ടായത് പുറത്തുനിന്നു വന്നവർക്കാണെന്ന് താൻ പറഞ്ഞതിനെ ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്. രോഗം എങ്ങനെ വരുന്നു എന്ന ബോദ്ധ്യം അതിന്റെ വ്യാപനം തടയാനുള്ള പ്രധാന ഉപാധിയാണ്. ആ തിരിച്ചറിവ് പ്രധാനമാണ്.

റെഡ്‌സോണുകളിൽ നിന്ന് വരുന്നവർ ഒരു നിയന്ത്രണവുമില്ലാതെയാണ്
എല്ലാവരുമായി അടുത്തിടപഴകുന്നത്. ഇത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാറിൽ ഉൾപ്പെടെ ശക്തമായ നിലപാട് എടുത്തത്. ഇതിനർത്ഥം പ്രവാസികളാകെ രോഗവാഹകരെന്നോ അകറ്റിനിറുത്തപ്പെടേണ്ടവരാണെന്നോ അല്ല. അങ്ങനെയാക്കിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർക്ക് മറ്റു ചില ലക്ഷ്യങ്ങളുണ്ടാകാം. അത്തരം കുപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ താനെയിൽനിന്ന് പെരിനാട് പഞ്ചായത്തിലെത്തിയ ആറംഗ സംഘത്തിന് തെരുവിൽ ഏറെനേരം തങ്ങേണ്ടിവന്നുവെന്ന വാർത്തകണ്ടു. ക്വാറന്റൈനിനായി തയ്യാറാക്കിയ വീട്ടിൽ കയറാനനുവദിക്കാതെ അവരെ തടഞ്ഞെന്നും പരാതിയുണ്ട്. മുംബയിൽ നിന്ന് പ്രത്യേക വാഹനത്തിൽ എത്തിയ മറ്റൊരു സംഘം റോഡിൽ കുറച്ചുനേരം വാഹനം നിറുത്തിയിട്ടത് പരിഭ്രാന്തി പരത്തിയതും ഒരു മാദ്ധ്യമത്തിൽ വന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വച്ച് പ്രവാസികളെ നാം പരിഗണിക്കുന്നില്ലെന്ന ദുഷ്പ്രചാരണവുമായി ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.

പ്രവാസികളുടെ നാടാണിത്. അവർക്കു മുന്നിൽ ഒരു വാതിലും കൊട്ടിയടക്കപ്പെട്ടിട്ടില്ല. അന്യനാടുകളിൽ കഷ്ടപ്പെടുന്ന അവർക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. ലക്ഷക്കണക്കിനാളുകൾ സംസ്ഥാനത്തിന് പുറത്തുണ്ട്. എല്ലാവർക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങൾ വേണ്ടിവരും.

വിവിധ മലയാളി സംഘടനകൾ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാൽ ചില പരിമിതികളുണ്ട്. അതിനെ മറികടക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനിടയിൽ വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങളിൽ മുഴുകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.