നാഗർകോവിൽ: നാഗർകോവിൽ സ്വദേശിയുടെ വീട്ടിൽ 65 ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിച്ച സംഭവത്തിൽ ആറംഗ സംഘത്തെ പുതുക്കോട്ട പൊലീസ് പിടികൂടി. നാഗർകോവിൽ ഇറച്ചിക്കുളം സ്വദേശി മണികണ്ഠൻ (34), ചെന്നൈ സ്വദേശി സുരേഷ് (48), പുതുക്കോട്ടൈ തിരുമായം കീഴത്തൂർ സ്വദേശികളായ സന്തോഷ് കുമാർ (33), രാമചന്ദ്രൻ (30), മുഹമ്മദ് ഇബ്രാഹിം (27), മുഹമ്മദ് നസൂറിദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 16ന് സന്തോഷ് കുമാർ പുതുക്കോട്ട ജില്ലയിലെ തിരുമായം ബിവറേജ് ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങിയ ശേഷം 200 രൂപയുടെ നോട്ട് നൽകി. കള്ളനോട്ട് ആണെന്ന് മനസിലാക്കിയ അധികൃതർ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് സന്തോഷ് കുമാറിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് നാഗർകോവിൽ സ്വദേശി മണികണ്ഠന്റെ വീട്ടിൽ വച്ചാണ് നോട്ട് അച്ചടിച്ചതെന്ന് വ്യക്തമായത്. നോട്ടുകൾ ലാപ്‌ടോപ്പിൽ സ്‌കാൻ ചെയ്‌ത് കളർ പ്രിന്റെടുത്ത ശേഷം ചെന്നൈ സ്വദേശി സുരേഷ് വഴി പുതുക്കോട്ടയിലെത്തിക്കുകയും രാമചന്ദ്രൻ, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് നസൂറിദ്ദിൻ എന്നിവർക്ക് കൈമാറുകയുമായിരുന്നു. 65 ലക്ഷം രൂപയുടെ കള്ളനോട്ടും നാഗർകോവിൽ സ്വദേശി മണികണ്ഠന്റെ വീട്ടിൽ നിന്ന് നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഫോട്ടോ കോപ്പി മെഷീൻ എന്നിവയും പൊലീസ് പിടിച്ചെടുത്തു.