തിരുവനന്തപുരം: ബെവ്കോ ഒൗട്ട്ലറ്റുകളും ബാറിലെ പാഴ്സൽ കൗണ്ടറുകളും തുറക്കുമ്പോൾ തിരക്ക് കുറയ്ക്കാനുള്ള മൊബൈൽ ആപ്പ് പ്ളേ സ്റ്റോറിൽ ചേർക്കാൻ ഇന്നലെ ഗൂഗിളിന് കൈമാറി. ഗൂഗിളിന്റെ അനുമതി ലഭിച്ചാലുടൻ ലോഞ്ചിംഗ് നടത്തി സംസ്ഥാനത്തെ 900ത്തോളം ഒൗട്ട്ലറ്റുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നോ,നാളെയോ അനുമതി ലഭിച്ചേക്കും.
കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന കമ്പനി ബെവ് ക്യൂ എന്ന പേരിൽ ആപ്പ് തയ്യാറാക്കി പ്ളേ സ്റ്റോറിന്റെ അംഗീകാരത്തിനായി രണ്ടുദിവസം മുമ്പ് സമർപ്പിച്ചെങ്കിലും ചില സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ഗൂഗിൾ മടക്കി.ഇതോടെയാണ് ,ഇന്ന് മുതൽ മദ്യവിൽപനയ്ക്കുള്ള നീക്കം പൊളിഞ്ഞത്.
ആപ്പിന്റെ ലോഡ് ടെസ്റ്റ് അടക്കമുള്ളവ പൂർത്തിയാക്കി. 25 ലക്ഷം പേർ ഒന്നിച്ച് ബുക്ക് ചെയ്താലും പ്രശ്‌നമുണ്ടാവില്ലെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. മദ്യം വാങ്ങാനുള്ള ടോക്കണിന് വ്യക്തി വിവരങ്ങൾ നൽകേണ്ടതില്ല. പേര്, ഫോൺ നമ്പർ, ലോക്കേഷൻ അല്ലെങ്കിൽ പിൻകോഡ് എന്നിവ മതി. സ്‌മാർട്ട് ഫോണില്ലാത്തവർക്ക് എസ്.എം.എസ് വഴിയും ടോക്കൺ ലഭ്യമാക്കും.. ഇതിനായി ബെവ്കോ പ്രത്യേക മൊബൈൽ നമ്പർ ഏർപ്പെടുത്തും.ടോക്കൺ മാത്രമായിരിക്കും ആപ്പിൽ നിന്ന് ലഭിക്കുക. ഇത് കാണിച്ച് കൗണ്ടറിൽ നിന്ന് ഇഷ്ടമുളള ബ്രാൻഡ് പണം കൊടുത്തുവാങ്ങാം. ബ്രാൻഡ് തിരഞ്ഞെടുക്കാൻ ആപ്പിൽ സംവിധാനമുണ്ടാവില്ല.
മദ്യശാലകൾ തുറക്കാൻ വലിയ താമസമുണ്ടാവില്ല, ഉചിതമായ സമയത്ത് തുറക്കും.
- മുഖ്യമന്ത്രി