തിരുവനന്തപുരം: കൊവിഡ് പ്രമേയമാക്കി മന്ത്രി ജി.സുധാകരൻ രചിച്ച 'അമരം ഔഷധം' എന്ന കവിത ശ്രദ്ധേയമാകുന്നു. മഹാവ്യാധിയുടെ കരങ്ങളിൽപ്പെട്ട് വികസിത രാജ്യങ്ങളായ അമേരിക്കയും ഇറ്റലിയും ചൈനയുമെല്ലാം പതറിനിൽക്കുമ്പോൾ ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ പ്രതിരോധത്തിലേക്ക് ലോകശ്രദ്ധയെ ക്ഷണിക്കുകയാണ് മന്ത്രി തന്റെ കവിതയിലൂടെ . ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും ഉയർന്നുനിൽക്കുന്ന മണ്ണിൽ കൊറോണ വൈറസിന് സ്ഥാനമുറപ്പിക്കാൻ കഴിയില്ലെന്ന പ്രത്യാശയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. 25 കോടി ജനങ്ങളുള്ള അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർ മഹാമാരിയിൽ മൃതിയടഞ്ഞു. എന്നാൽ ഇങ്ങു കേരളത്തിൽ വന്നാൽ മൂന്നര കോടി ജനങ്ങളിൽ മരണപ്പെട്ടത് വെറും മൂന്നു പേർ മാത്രമാണ്. പലതോൽവികളും സഹിച്ചുവെങ്കിലും വലിയ വിജയങ്ങളാണ് നാം പിടിച്ചെടുക്കുന്നതെന്നും 'വിജയൻ ' നമ്മെ നയിക്കുമ്പോൾ ഒരു വിഷാദവും നമുക്ക് വേണ്ടെന്നും കനത്ത ജാഗ്രതയും മനസിന്റെ സ്ഥൈര്യവുമുണ്ടെങ്കിൽ ജയം സുനിശ്ചിതമാണെന്നും അദ്ദേഹം തന്റെ കവിതയിലൂടെ സമർത്ഥിക്കുന്നു. വിവിധ രാജ്യങ്ങൾ, സംഭവങ്ങൾ, മഹാപ്രതിഭയുടെ പേരുകൾ, മഹാഗ്രന്ഥങ്ങൾ എന്നിവയോടുള്ള കടപ്പാട് സൂചിപ്പിക്കുന്ന 47 സൂചികകൾ കൂടി ഉൾപ്പെടുന്നതാണ് കവിത.