തിരുവനന്തപുരം: ചെലവുകുറഞ്ഞ രീതിയിൽ കൊവിഡ് പരിശോധന സാദ്ധ്യമാക്കാൻ തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത അഗാപ്പ ചിത്ര മാഗ്ന പരിശോധനാകിറ്റ് ഇന്ന് വിപണിയിലെത്തും. വിദേശകിറ്റാണ് ഉപയോഗിച്ചുവരുന്നത്. അതിന്റെ പകുതിവിലയ്ക്ക് കൂടുതൽ കൃത്യതയോടെ ഫലം നൽകുമെന്നതാണ് ചിത്ര മാഗ്ന കിറ്റിന്റെ പ്രത്യേകത.
വൈകിട്ട് 4.30ന് തിരുവനന്തപുരം പൂജപ്പുരയിലെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ബയോ മെഡിക്കൽ ടെക്നോളജി വിംഗ് ആസ്ഥാനത്ത് കിറ്റ് പുറത്തിറക്കൽ ചടങ്ങ് നടക്കും. നീതി ആയോഗ് അംഗവും ശ്രീചിത്രയുടെ പ്രസിഡന്റുമായ ഡോ. വി.കെ. സരസ്വത്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അശതോഷ് ശർമ്മ എന്നിവർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ഔദ്യോഗിക പ്രഖ്യാപനം ഡോ. വി.കെ. സരസ്വത് നിർവഹിക്കും. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥർക്ക് നൽകി അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ ആദ്യവില്പന നടത്തും.
അടുത്ത ആറുമാസം ഇന്ത്യയ്ക്ക് പ്രതിമാസം 8 ലക്ഷം ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾ വേണ്ടിവരും. കിറ്റുകളിൽ ഭൂരിഭാഗവും ഇറക്കുമതിയാണ് ചെയ്യുന്നത്. 300 രൂപയാണ് വില. അഗാപ്പെ ചിത്ര മാഗ്ന ആർ.എൻ.എ ഐസൊലേഷൻ കിറ്റ് 150 രൂപയ്ക്ക് ലഭിക്കും. മാസത്തിൽ 3 ലക്ഷം കിറ്റുകൾ ഉത്പാദിപ്പിക്കാൻ അഗാപ്പെ ഡയഗ്നോസ്റ്റിക്സിന് കഴിയും.
ചിത്രമാഗ്ന
ബയോമെഡിക്കൽ വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. അനൂപ്കുമാർ തെക്കുവീട്ടിലിന്റെ നേതൃത്വത്തിൽ ശ്രീചിത്ര വികസിപ്പിച്ചെടുത്ത നൂതനമായ ആർ.എൻ.എ വേർതിരിക്കൽ കിറ്റാണ് ചിത്ര മാഗ്ന. കാന്തിക സൂക്ഷ്മകണങ്ങൾ ഉപയോഗിച്ചാണ് ചിത്ര മാഗ്ന രോഗിയുടെ സ്രവത്തിൽ നിന്ന് ആർ.എൻ. എ വേർതിരിച്ചെടുക്കുന്നത്. വൈറസിലെ ആർ.എൻ.എയെ മാഗ്നറ്റിക് നാനോപാർട്ടിക്കിൾ മുത്തുകൾ പൊതിയുകയും ഇവ കാന്തിക മണ്ഡലവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഗുണമേന്മയും സാന്ദ്രതയുമുള്ള ആർ.എൻ.എ ലഭ്യമാക്കുകയും ചെയ്യുന്നു. പരിശോധനാഫലം വൈറസ് ആർ.എൻ.എയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നതിനാൽ, കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കാൻ ഇതിന് കഴിയും.
വ്യാവസായിക നിർമ്മാണം
അഗാപ്പെ കമ്പനിക്ക്
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വാണിജ്യനിർമ്മാണത്തിന് അനുമതി നൽകിയതിനെ തുടർന്ന് ചിത്ര മാഗ്നയുടെ സാങ്കേതികവിദ്യ 2020 ഏപ്രിലിൽ അഗാപ്പെ ഡയഗ്നോസ്റ്റിക്സിന് കൈമാറി. അഗാപ്പെ ചിത്ര മാഗ്ന ആർ.എൻ.എ ഐസൊലേഷൻ കിറ്റ് എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നത്.