തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയ ആദ്യദിനത്തിൽ യാത്രക്കാർ കുറവ്. ഒരു ബസിൽ ശരാശരി 15 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 1850 ഓർഡിനറി ബസുകൾ സംസ്ഥാനത്ത് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും യാത്രക്കാർ കുറവായതിനാൽ 1338 ബസുകൾ മാത്രമാണ് ഇന്നലെ നിരത്തിലിറക്കിയത്.
സുരക്ഷിത അകലം പാലിച്ച് യാത്രക്കാരെ കയറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. സ്റ്റാൻഡിൽ നിന്ന് പുറപ്പെടുമ്പോൾ സുരക്ഷാ ജീവനക്കാരും ഇൻസ്‌പെക്ടർമാരും ഇതിന് നേതൃത്വം നൽകി. 30 ശതമാനം ട്രിപ്പുകളിൽ മാത്രമാണ് യാത്രക്കാർ കൂടുതലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്ര കഴിഞ്ഞെത്തുന്ന ബസുകൾ രാത്രി അണുനശീകരണം നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ബസുകളിലും സാനിറ്റൈസറും കരുതിയിരുന്നു.