പാറശാല: സ്കോളർഷിപ്പിന്റെ പേരിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. രണ്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കൊവിഡ് 19 സ്‌കോളർഷിപ്പ് എന്നീ പേരുകളിൽ അക്ഷയ സെന്ററുകൾ മുഖേനയും മറ്റ് കമ്പ്യൂട്ടർ സെന്ററുകൾ മുഖേനയുമാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ എന്ന പേരിൽ ചില സ്വകാര്യ വെബ്‌സൈറ്റുകളാണ് തട്ടിപ്പിന് പിന്നിൽ. സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന് വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് കമ്പ്യൂട്ടർ സെന്ററുകളും വിദ്യാർത്ഥികളിൽ നിന്നും 150 രൂപ ഈടാക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ക്ക് പരാതി നൽകി.