ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുന്നയിൽ വച്ച് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്ന വലിയപറമ്പ് കറുപ്പംവീട്ടിൽ ചെപ്പുട്ടൻ എന്ന ഷഫീക്കിനെ(27) ആണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ചെറുപ്പക്കാരനെ കഞ്ചാവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യാൻ വാടാനപ്പിള്ളിയിൽ നിന്നെത്തിയ പൊലീസുകാരായ അമൽജിത്, ഷൈൻ എന്നിവരെ കണ്ട് പ്രതി ഓടുകയും പിറകെ ചെന്ന പൊലീസുകാരെ കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. നിരവധി അടിപിടിക്കേസുകളിലും മോഷണക്കേസിലും പ്രതിയാണ് ഷഫീക്ക്. മുമ്പും പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളിയുടെ നിർദ്ദേശപ്രകാരം എസ്.ഐ: കെ.പി. ആനന്ദ്, എ.എസ്.ഐ: സുജിത്ത്, സി.പി.ഒമാരായ മിഥുൻ, താജുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.