തിരുവനന്തപുരം: ബി.ടെക് എട്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് ഒന്നു മുതൽ നടത്താൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു. മാർച്ച് 16 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഓണേഴ്സ് പരീക്ഷയും എംബിഎ ടി 5 പരീക്ഷയും ജൂൺ 26 ന് നടത്തും. എട്ടാം സെമസ്റ്റർ ഓണേഴ്സ് പരീക്ഷ ജൂൺ 29 നാണ്.
എംബിഎ ടി 5 ഒഴികെ മറ്റുള്ള പരീക്ഷകൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളിൽ എഴുതാം. ലോക്ക് ഡൗൺ സമയത്ത് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത് കണക്കിലെടുത്താണിത്. എട്ടാം സെമസ്റ്റർ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഒക്ടോബറിൽ അവസരം നൽകും.
പരീക്ഷയുടെ ദൈർഘ്യം മൂന്നിൽ നിന്ന് രണ്ടേകാൽ മണിക്കൂറായി കുറച്ചിട്ടുണ്ട്. ചോദ്യപേപ്പറിന്റെ ഘടനയിൽ മാറ്റമില്ലെങ്കിലും, മൊത്തം മാർക്ക് 70 ആയി കുറയ്ക്കും.രാവിലെ 10.15 ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ 9.30 ന് തന്നെ റിപ്പോർട്ട് ചെയ്യണം. ഉച്ചയ്ക്ക് 2.15 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് റിപ്പോർട്ടിംഗ് സമയം ഉച്ചയ്ക്ക് 1.30 ആണ്. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കും. ബിരുദ,ബിരുദാനന്തര കോഴ്സുകളിലെ അവസാന സെമസ്റ്റർ പ്രോജക്ടുകളുടെ മൂല്യനിർണ്ണയം ഇന്റേണലായി നടത്തും.