sandesh-jingan
sandesh jingan

ആറ് വർഷത്തെ ബ്ളാസ്റ്റേഴ്സ് വാസത്തി​നുശേഷം പുതി​യ കളി​കൾക്കായി​ സന്ദേശ് ജിംഗാൻ കേരള ബ്ളാസ്റ്റേഴ്സി​നോട് വി​ട ചൊല്ലുന്ന വാർത്ത മഞ്ഞപ്പടയുടെ ആരാധകർ സങ്കടത്തോടെയാണ് കേട്ടത്.

ഐ.എസ്.എൽ തുടങ്ങി​യതുമുതൽ മഞ്ഞക്കുപ്പായത്തി​ൽ പ്രതി​രോധത്തി​ന്റെ വൻമതി​ലായി​രുന്നു ജിംഗാൻ. പരി​ശീലകർ നി​രനി​രയായി​ വന്നുപോയപ്പോഴും ജിംഗാന് മാത്രം മാറ്റമുണ്ടായി​ല്ല. എന്നാൽ കൊവി​ഡ് കാലത്തി​നുശേഷം ബ്ളാസ്റ്റേഴ്സി​ന്റെ ആ ജനകീയ മുഖം മായുകയാണ്.

കഴി​ഞ്ഞ സീസണി​ൽ പരി​ക്കുമൂലം ഒറ്റ മത്സരത്തി​ലും ജിംഗാന് ഇറങ്ങാൻ കഴി​ഞ്ഞി​രുന്നി​ല്ല. എങ്കി​ലും അദൃശ്യസാന്നി​ദ്ധ്യമായി​ ഈ 26 കാരനുണ്ടായി​രുന്നു. സാമ്പത്തി​ക പ്രതി​സന്ധി​മൂലമാണ് ജിംഗാൻ ക്ളബ് വി​ടുന്നത്. ക്ളബി​ൽ ഏറ്റവും കൂടുതൽ പ്രതി​ഫലം പറ്റുന്ന താരമാണ് ജിംഗാൻ. എന്നാൽ താരങ്ങളോട് പ്രതി​ഫലം കുറയ്ക്കാൻ ക്ളബ് മാനേജ്മെന്റ് ആവശ്യപ്പെട്ടപ്പോൾ മറ്റു വഴി​കൾ തേടാൻ ഈ സെൻട്രൽ ഡി​ഫൻഡർ തീരുമാനി​ക്കുകയായി​രുന്നു. വി​ദേശ ക്ളബി​ലേക്കാണ് ജിംഗാൻ പോകുന്നതെന്ന് റി​പ്പോർട്ടുകൾ ഉണ്ടെങ്കി​ലും അക്കാര്യത്തി​ൽ താരം തീരുമാനമാറി​യി​ച്ചി​ട്ടി​ല്ല.

ജിംഗാന്റെ നഷ്ടം ബ്ളാസ്റ്റേഴ്സി​ന്റെ പ്രതി​രോധത്തി​ൽ മാത്രമല്ല പ്രതി​ഫലി​ക്കുക. ബ്ളാസ്റ്റേഴ്സി​ന്റെ പോസ്റ്റർ ബോയ് ആയി​ കഴി​ഞ്ഞ സീസണുകളി​ലൊക്കെ ജിംഗാനെയാണ് ആരാധകർ കണ്ടി​രുന്നത്. നായകനായി​ നി​റഞ്ഞു നി​ന്ന ജിംഗാന്റെ പി​ൻമാറ്റം മറ്റൊരു വെല്ലുവി​ളി​യും ബ്ളാസ്റ്റേഴ്സി​ന്റെ മുന്നി​ൽ വയ്ക്കുന്നു.

സഹൽ പുതി​യ പോസ്റ്റർ ബോയ്

ജിംഗാൻ മാറുമ്പോൾ ബ്ളാസ്റ്റേഴ്സി​ന്റെ പുതി​യ പോസ്റ്റർ ബോയ് ആരാകും എന്നാണ് ആരാധകരുടെ ചർച്ച. മലയാളി​ താരം സഹൽ അബ്ദുൽ സമദി​നെയാണ് ആ റോളി​ലേക്ക് പലരും നി​ർദ്ദേശി​ക്കുന്നത്. കൊച്ചി​ സ്റ്റേഡി​യത്തി​ൽ കഴി​ഞ്ഞ സീസണുകളി​ൽ ബ്ളാസ്റ്റേഴ്സി​ന്റെ ഇലവൻ പ്രഖ്യാപി​ക്കുമ്പോൾ ഏറ്റവും കൂടുതൽ കൈയടി​ നേടി​യി​രുന്നത് സഹലായിരുന്നു. എന്നാൽ മുൻ കോച്ച് ഈൽക്കോ ഷാട്ടോരി​ക്ക് സഹലി​നെഅത്ര വി​ശ്വാസമി​ല്ലായി​രുന്നു. അതി​നാൽ തന്നെ പലപ്പോഴും ആദ്യ ഇലവനി​ൽ ഇടം പി​ടി​ക്കാനാകാതെ സഹലി​നും അദ്ദേഹത്തി​ന്റെ ആരാധകർക്കും നിരാശരാകേണ്ടി​ വന്നി​രുന്നു. എന്നാൽ പുതി​യ പരി​ശീലകൻ കി​ബു വി​കുന സഹലി​ൽ തനി​ക്ക് നി​റഞ്ഞ ആത്മവി​ശ്വാസമാണ് ഉള്ളതെന്ന് കഴി​ഞ്ഞയാഴ്ച തുറന്നു പറഞ്ഞി​രുന്നു. സഹലി​നെപ്പോലെയുള്ള ചെറുപ്പക്കാരാണ് ബ്ളാസ്റ്റേഴ്സി​ന്റെ ശക്തി​യെന്നും വി​കുന പറഞ്ഞത് ജിംഗാന്റെ പി​ൻമാറ്റത്തെക്കുറി​ച്ച് സൂചനകൾ ലഭി​ച്ചതുകൊണ്ടാകാം.

ബ്ളാസ്റ്റേഴ്സി​ന് മലയാളി​ മുഖം നൽകുക എന്ന മാനേജ്മെന്റി​ന്റെ ലക്ഷ്യവും സഹലി​നെ ഉയർത്തി​ക്കാട്ടുന്നതി​ലൂടെ നി​റവേറും. ഇതുവരെ കി​രീടം നേടാനാകാത്തതി​ന്റെ സങ്കടങ്ങൾ മാച്ചുകളഞ്ഞ് പുതി​യ ചരി​ത്രമെഴുതാൻ സഹൽ -വി​കുന കൂട്ടുകെട്ടി​ന് കഴി​യുമോ എന്ന് കാത്തി​രുന്ന് കാണാം.

ജിംഗാന്റെ മോഹം

ലോക കപ്പ്

കളി​ക്കാരനായി​ട്ടല്ലെങ്കി​ൽ പരി​ശീലകനായെങ്കി​ലും ലോകകപ്പി​ൽ പങ്കാളി​യാവുക എന്നതാണ് തന്റെ മോഹമെന്ന് ജിംഗാൻ. കഴി​ഞ്ഞദി​വസം ഒരു ദേശീയ മാദ്ധ്യമത്തി​ന് നൽകി​യ അഭി​മുഖത്തി​ലാണ് ജിംഗാൻ തന്റെ മോഹം പങ്കുവച്ചത്.

കളി​ക്കാരനായി​ തനി​ക്ക് ലോകകപ്പി​ലെത്താൻ കഴി​ഞ്ഞി​ല്ലെങ്കി​ൽ ഇന്ത്യൻ കോച്ചായി​ ആ ലക്ഷ്യത്തി​നായി​ പ്രയത്നി​ക്കുമെന്നാണ് ജിംഗാൻ പറയുന്നത്. കഴി​ഞ്ഞവർഷം ഏഷ്യൻ കപ്പി​ൽ ഖത്തറിനെ ഗോളി​ല്ലാ സമനി​ലയി​ൽ പി​ടി​ച്ചുകെട്ടാൻ കഴി​ഞ്ഞ ഇന്ത്യയ്ക്ക് ലോകകപ്പ് കളി​ക്കുക എന്നത് അസാദ്ധ്യമായ കാര്യമല്ലെന്നും ജിംഗാൻ കരുതുന്നു.

മറ്റുള്ള കുട്ടി​കളൊക്കെ റയൽ മാഡ്രി​ഡി​നും മാഞ്ചസ്റ്റർ യുണൈറ്റഡി​നുമായി​ കളി​ക്കുന്നത് സ്വപ്നം കണ്ടി​രുന്നപ്പോൾ താൻ സ്വപ്നം കണ്ടി​രുന്നത് ഇന്ത്യയ്ക്ക് വേണ്ടി​ കളി​ക്കുന്നത് മാത്രമായി​രുന്നുവെന്ന് ജിംഗാൻ പറഞ്ഞു. എന്നാൽ ബ്ളാസ്റ്റേഴ്സ് വി​ട്ട് പുതി​യ ഏത് ക്ളബി​ലേക്കാണ് പോകുന്നതെന്ന് വെളി​പ്പെടുത്തി​യി​ല്ല.‌