കൊവിഡ് മൂലം കാണികളില്ലാതെ മത്സരങ്ങൾ നടത്താനുള്ള നിർദ്ദേശം മനസില്ലാ മനസോടെയാണ് ലോകത്തുള്ള പല ക്ളബുകളും അനുസരിച്ചത്. എന്നാൽ, മനുഷ്യർക്ക് പകരം ഗാലറിയിൽ എന്തെല്ലാം നിറയ്ക്കാം എന്ന ചിന്തകൾ വ്യത്യസ്തമായ മാർഗങ്ങൾ തുറന്നിടുകയും ചെയ്തു. കൊറിയൻ ലീഗിൽ സെക്സ് ഡോളുകളോട് സാമ്യം തോന്നുന്ന പാവകളെ ഗാലറിയിൽ പ്ളക്കാർഡുകളും പിടിച്ച് ഇരുത്തിയത് വലിയ വിവാദമാവുകയും ചെയ്തു.
ഡ്രമ്മർ റോബോട്ടുകൾ
ആളില്ലെങ്കിലും ആരവം ഒഴിവാകരുത് എന്ന ലക്ഷ്യവുമായി തായ്‌വാനീസ് ബേസ്ബാൾ ലീഗാണ് റോബോട്ടുകളെ ഇറക്കിയത്. ഗാലറിയിൽ ഡ്രം വായിക്കുന്ന റോബോട്ടുകളെയാണ് ഇറക്കിയത്. മത്സരം മുറുകുമ്പോൾ റോബോട്ടുകളുടെ വാദ്യ ഘോഷവും മുഴങ്ങും. തുണിക്കടകളിലെ മനുഷ്യ പ്രതിമകളെ ടീമുകളുടെ ജഴ്സിയണിയിച്ചും ഗാലറിയിലിരുത്തി.
കട്ടൗട്ട് കാണികൾ
ജർമ്മൻ ഫുട്ബാൾ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് ഗാലറിയിൽ ആൾ വലിപ്പമുള്ള കാർഡ് ബോർഡ് കട്ടൗട്ടുകളാണ് നിരത്തിയത്. ഈ കട്ടൗട്ടുകളിൽ തങ്ങളുടെ മുഖത്തിന്റെ ഫോട്ടോ പതിപ്പിക്കാൻ ആരാധകർക്ക് അവസരവും നൽകി. എന്നാൽ ഇതിനായി ക്ളബിന് നിശ്ചിത തുക നൽകണമെന്നുമാത്രം. നിരവധിപ്പേരാണ് തങ്ങളുടെ ഫോട്ടോയുമായി എത്തിയത്.
റെക്കാഡ് ആരവം
ഗാലറിയിലെ ആരവങ്ങൾ റെക്കാഡ് ചെയ്തത് പ്രത്യേക സ്ഥാനങ്ങളിൽ വച്ച് കേൾപ്പിക്കുന്ന രീതി കൊറിയൻ ഫുട്ബാൾ ലീഗിലാണ് കണ്ടത്. 2002 ലോകകപ്പിന് കൊറിയ ആതിഥ്യം വഹിച്ച മത്സരങ്ങളിൽ ഉയർന്ന ആരവമാണ് ഇതിനായി ഉപയോഗിച്ചത്.
കൈയടി ആപ്പ്
കാണികളുടെ കൈയടി ശബ്ദം അവസരത്തിനൊത്ത് പുറപ്പെടുവിക്കുന്ന ആപ്പുകൾ തയ്യാറാവുകയാണ്.
സെക്സ് ഡോൾസ്
കൊറിയൻ ലീഗിൽ സിയോൾ എഫ്.സിയാണ് തങ്ങളുടെ മത്സരത്തിന് ഗാലറിയിൽ സെക്സ് ഡോളുകളോട് സാമ്യമുള്ള പെൺ പ്രതിമകൾ വച്ചത്. ഇത് വലിയ വിവാദമാവുകയും ക്ളബിന് അധികൃതർ 80000 ഡോളർ പിഴ ചുമത്തുകയും ചെയ്തു.