കോവളം: ഏറെ നാളുകളായി കോവളത്ത് തമ്പടിച്ചിരുന്ന കാ‌ശ്‌മീരികളും ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി. കരകൗശലവസ്തുക്കളും കാശ്‌മീരി ഉത്പ്പന്നങ്ങളും വില്പന നടത്തിയിരുന്ന സ്ത്രികളും കുട്ടികളുമടക്കമുള്ള 209 പേരാണ് ഇന്നലെ തലസ്ഥാനത്ത് നിന്നു പുറപ്പെട്ട ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്. വരുമാനം നിലച്ചതോടെയാണ് ഇവർ മടങ്ങിപ്പോകാൻ നിർബന്ധിതരായത്. കെ.എസ്.ആർ.ടി.സി.യുടെ ഏഴ് ബസുകളിലായി ഇവരെ സാമൂഹിക അകലം പാലിച്ചാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. എസ്.എച്ച്.ഒ.മാരായ പി.അനിൽ കുമാർ, എസ്.ബി.പ്രവീൺ, എസ്.ഐ.മാരായ എസ്.അനീഷ്‌കുമാർ, എസ്.എസ്.സജി, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാരായ ബിജു.ആർ.നായർ, ആർ.അശോകൻ, ടി. ബിജു, ഷിബുനാഥ് എന്നിവരാണ് മടങ്ങിപ്പോകാനുളള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയത്.